ചേര്‍ത്തല: തെരുവുനായകള്‍ കുറുകെചാടിയതുമൂലം നിയന്ത്രണം തെറ്റിയ വാഹനങ്ങള്‍ മറിഞ്ഞു മൂന്നുപേര്‍ക്ക് പരിക്ക്. ആദ്യത്തെ അപകടം ഇന്നലെ രാവിലെ അര്‍ത്തുങ്കല്‍ റീത്താപുരം പള്ളിക്കു സമീപമായിരുന്നു. ചേര്‍ത്തല തെക്ക് 16-ാം വാര്‍ഡ് അരേശേരില്‍ സാംസണ്‍-സിനിമോള്‍ ദമ്പതികളുടെ മക്കളായ സ്മിതമോള്‍(19), ലിജിത(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്്. ആലപ്പുഴ സെന്റ് ജോസഫ് കോളജ് വിദ്യാര്‍ഥിനിയാണ് സ്മിത. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ലിജിത.
അനുജത്തിയെ സ്കൂളിലെത്തിച്ച് തിരികെ പോകുമ്പോള്‍ തെരുവുനായകള്‍ കൂട്ടമായി നടുറോഡില്‍ വന്നതോടെ നിയന്ത്രണം തെറ്റി സ്കൂട്ടര്‍ മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടാമത്തെ അപകടം ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു. കൊച്ചിന്‍ റിഫൈനറിയിലെ കാന്റീനിലെ ജീവനക്കാരന്‍ വിപിന്‍ സഞ്ചരിച്ച ബൈക്കിനു കുറുകെ തെരുവുനായ ചാടുകയും നായയെ ഇടിച്ചതിനെ തുടര്‍ന്നു നിയന്ത്രണംവിട്ട ബൈക്കില്‍നിന്നും വിപിന്‍ റോഡിലേക്കു വീഴുകയായിരുന്നു.
ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. ഇടിയേറ്റ നായ ആക്രമിക്കാന്‍ ശ്രമിച്ചതായും സമീപത്തുണ്ടായിരുന്നവരാണ് നായയെ വിരട്ടിയോടിച്ച് രക്ഷപ്പെടുത്തിയതെന്നും വിപിന്‍ പറഞ്ഞു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ച് ചികിത്സ തേടുകയായിരുന്നു. കൊച്ചിന്‍ റിഫൈനറിയിലെ കാന്റീനിലെ ജീവനക്കാരനായ വിപിനോട് മൂന്നുമാസത്തെ വിശ്രമമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചേര്‍ത്തല റെയില്‍വെസ്റ്റേഷന്‍ പരിസരം പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ്. മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ കൂട്ടത്തോടെയാണ് തെരുവുനായ്ക്കള്‍ ഇവിടേയ്ക്ക് എത്തുന്നത്.