നസ്വന്തം ലേഖകന്‍
തൃശൂര്‍: യാത്ര തമിഴ്‌നാട്ടിലേക്കാണോ… അതിര്‍ത്തിയെത്താനുള്ള ഇന്ധനം അടിച്ചാല്‍ മതി. പരിചയമുള്ള ഡ്രൈവര്‍മാരോട് സുഹൃത്തുക്കളുടെ ഉപദേശമാണ്. അയല്‍ സംസ്ഥാനത്ത് ഇന്ധനവില കുറവായതിനാല്‍ കേരളത്തിലെ ദേശീയ പാതയിലെ ഒട്ടുമിക്ക പമ്പുകളിലും പെട്രോള്‍, ഡീസല്‍ വില്‍പന കുറഞ്ഞു. തമിഴ്‌നാട്ടിലേക്ക ്‌പോകുന്ന ട്രക്കുകളും വാഹനങ്ങളുമൊക്കെ ഇന്ധനം ആവശ്യത്തിനു മാത്രം അടിച്ച് പിന്നീട് തമിഴ്‌നാട്ടില്‍ ചെന്നാണ് ഫുള്‍ ടാങ്കടിക്കുന്നത്. തിരിച്ച് കേരളത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഫുള്‍ ടാങ്കടിക്കും. കാരണം മറ്റൊന്നുമല്ല കേരളത്തിലെത്തിയാല്‍ പെട്രോളിന് മൂന്നു രൂപ 94 പൈസ് കൂടുതല്‍ നല്‍കണം. ഡീസലിന് 2.39 പൈസയും അധികം നല്‍കണം.
തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കുന്ന വിലക്കുറവില്‍നിന്ന് നികുതിയുടെ പേരില്‍ കൈയിട്ടുവാരാന്‍ തയ്യാറല്ല. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സൗജന്യം അവര്‍ക്കുതന്നെ നല്‍കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചാലും ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഇവിടെ ഒരു ലിറ്റര്‍ ഇന്ധനത്തിന് റോഡ് സെസ് എന്ന പേരില്‍ ഒരു രൂപയും സംസ്ഥാന നികുതിയുമടക്കം പെട്രോളിനും ഡീസലിനും കൂടുതല്‍ വില നല്‍കണം. കേരളത്തില്‍ പെട്രോളിന് 62.83 ഉള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ കോയമ്പത്തൂരില്‍ 58.89 രൂപയാണ്. ഡീസലിന് തമിഴ്‌നാട്ടില്‍ 49.35 രൂപയുള്ളപ്പോള്‍ കേരളത്തില്‍ 51.74 ആണ് വില.
ട്രക്കുകളും തമിഴ്‌നാട്ടിലേക്ക് പോകുന്ന ബസുകളും മറ്റുവാഹനങ്ങളുമൊക്കെ കേരളത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് ഇല്ലാതായി. അത്യാവശ്യത്തിന് മാത്രമാണ് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കല്‍. ഇതിനാലാണ് പമ്പുകളില്‍ ഡീസലിന്റെയും പെട്രോളിന്റെയും വില്‍പന കുറഞ്ഞിരിക്കുന്നതെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വില്‍പന കുറഞ്ഞതിനാല്‍ വില്‍പന നികുതിയിലും റോഡ് സെസിലും കുറവ് വന്നതിനാല്‍ സര്‍ക്കാരിന് വേണ്ടത്ര വരുമാനം കിട്ടുന്നില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ അഭിപ്രായം.
വില്‍പന കൂടിയാല്‍ മാത്രമേ നികുതിയും സെസും കൂടുതല്‍ കിട്ടൂ. എന്നാല്‍ ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം വരെ കൈയിട്ടു വാരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ പെട്രോള്‍, ഡീസല്‍ വില കുറവായ വിവരം വാഹന ഡ്രൈവര്‍മാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നതിനാല്‍ തമിഴ്‌നാട് ഭാഗത്തേക്ക് പോകുന്നവരൊക്കെ കേരളത്തിലെ പമ്പുകള്‍ അത്യാവശ്യത്തിനു മാത്രമായാണ് ഉപയോഗിക്കുന്നത്.
ധനമന്ത്രിയായിരുന്ന കെ.എം. മാണിയോട് ഇക്കാര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടും പിടിവാശി മൂലമാണ് ജനങ്ങള്‍ക്കുള്ള ആനുകൂല്യം വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്നതത്രേ. അയല്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ വഴി നോക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളെ എങ്ങനെ പിഴിയാമെന്ന നിലപാടാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.