പനാജി: സുഗന്ധലേപന ഗവേഷകയും വിദഗ്ധയുമായ മോണിക്ക ഖൂര്ദേ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പഞ്ചാബ് ബാത്തിന്‍ഡ സ്വദേശി 21 കാരനായ രാജ്കുമാറാണ് അറസ്റ്റിലായത്. ഖൂര്ദേയുടെ വീട് ഉള്‍പ്പെടുന്ന ഹൗസിംഗ് കോംപഌക്സില്‍ ഓഗസ്റ്റ് വരെ സെക്യൂരിറ്റി ആയിരുന്ന രാജ്കുമാറിന് ഖൂര്ദേയോട് താല്‍പ്പര്യം തോന്നുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വീടിന്റെ കൂറ്റന്‍ വേലി ചാടിക്കടന്നായിരുന്നു ഇയാള്‍ വീട്ടില്‍ കയറിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ ഖൂര്ദേയുടെ ഫഌറ്റില്‍ കയറിയത്. അതിന് ശേഷം കത്തി കാട്ടി കൊല്ലുമെന്ന് ഖൂര്ദേയെ ഭീഷണിപ്പെടുത്തുകയും അവരുടെ കൈകള്‍ ബെഡ്ഡില്‍ കെട്ടിയിട്ട ശേഷം എടിഎം കാര്‍ഡ് എടുക്കുകയും പിന് നമ്പര്‍ ചോദിച്ചറിയുകയുമായിരുന്നു.
ഖുര്‍ദേയെ വിവസ്ത്രയാക്കി കിടത്തിയത് കാമറയില്‍ പകര്‍ത്താന്‍ വേണ്ടിയായിരുന്നെന്ന് പ്രതി രാജ്കുമാര് സിംഗ് പോലീസിനോട് വെളിപ്പെടുത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഖൂര്ദേയെ ഇയാള്‍ നഗ്നയാക്കി കിടത്തുകയായിരുന്നു. ശ്വാസം മുട്ടിച്ചതിന് പിന്നാലെ ഖൂര്ദേയുടെ ശരീരം നിശ്ചലമായപ്പോള്‍ ഇയാള്‍ വിചാരിച്ചത് ബോധരഹിതയായി കിടക്കുക ആണെന്നായിരുന്നു. അതിന് ശേഷം ഖൂര്ദേയുടെ അടുക്കളയില്‍ കയറിയ രാജ്കുമാര് രണ്ടു മുട്ട പുഴുങ്ങിത്തിന്നു. ഇതിനിടയില്‍ ഖൂര്ദേ ബോധം വന്ന് എഴുന്നേല്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഖൂര്ദേ ഉണരാതെ വന്നതോടെ മരിച്ചെന്ന് മനസിലാക്കുകയായിരുന്നു. അതേസമയം മോണിക്കയുടെ നഗ്നത ഇയാള്‍ കാമറയില്‍ പകര്‍ത്തിയിരുന്നോ ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് കൃത്യമായ വിവരം കിട്ടിയിട്ടില്ല.