ലഹരി ഉപയോഗം തടയാന്‍ വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും

alp-kanchavuപത്തനംതിട്ട: സ്കൂള്‍, കോളജ് വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് വിവരം ശേഖരിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും എക്‌സൈസ് വകുപ്പ് പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് എക് സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ ജാഗ്രത പാലിച്ചാല്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് തടയാനാകും. ലഹരി ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും സംബന്ധിച്ച് വിവരം നല്‍കാന്‍ ജനങ്ങള്‍ താത്പര്യം കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലെത്തുന്നുണ്ട്. ചെക്ക് പോസ്റ്റുകളില്‍ എല്ലാ വാഹനവും പരിശോധിക്കുന്നതിന് എക്‌സൈസ് വിഭാഗത്തിന് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്ക് സ്കാനിംഗ്-എ ക്‌സ്‌റേ മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങും. പത്തനംതിട്ടയില്‍ ലഹരി വില്പനയും വ്യാജവാറ്റും തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കമ്മീഷണര്‍ പറഞ്ഞു. സ്കൂള്‍ പരിസരങ്ങളിലും ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലും ആയുര്‍വേദ കഷായത്തിന്റെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിന് പിറ്റിഎയുടെയും സ്കൂള്‍ മാനേജ്‌മെന്റിന്റെയും യോഗം വിളിക്കുമെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. ജില്ലയില്‍ എക്‌സൈസ് ഓഫീസുകളുടെ പ്രവര്‍ത്തനം പലപ്പോഴും നിര്‍ജീവമാണെന്ന ആക്ഷേപമുണ്ടായി.

വാഹനങ്ങളും സംവിധാനങ്ങളുമില്ലാത്തതാണ് പ്രശ്‌നം. പ്രാദേശികതല സമിതികള്‍ എക്‌സൈസ് വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിച്ച ലഹരി ഉപയോഗം തടയണമെന്നാവശ്യവും യോഗത്തിലുണ്ടായി. നഗരസഭാധ്യക്ഷ രജനി പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജി അനിത, ലീലാ മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. മനോഹരന്‍, വ്യാജമദ്യനിയന്ത്രണ സമിതി യംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുഞ്ഞ്, വാളകം ജോണ്‍, ഭേഷ ജം പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts