വ്യാജ നാഡീ വൈദ്യന്റെ വിളയാട്ടം ! കൊല്ലത്ത് നാലു വയസുകാരനുള്‍പ്പെടെ നൂറോളം പേര്‍ ആശുപത്രിയില്‍; വൈദ്യന്റെ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്…

നാഡീ വൈദ്യനെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജചികിത്സ നടത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ഏരൂര്‍ പത്തടിയിലാണ് വിവിധ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാജ നാഡീ വൈദ്യന്‍ വലിയ അളവില്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നുകള്‍ നല്‍കിയത്. മരുന്നു കഴിച്ച നാലുവയസുകാരന്‍ ഉള്‍പ്പെടെ നൂറോളം പേരെ വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ച നിലയില്‍ ആശുപത്രിയിലാണ്. ഡോക്ടറുടെ സംശയത്തെ തുടര്‍ന്ന് വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രത്തില്‍ അയച്ചു പരിശോധിച്ചപ്പോഴാണ് മരുന്നില്‍ വലിയ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്.

തെലങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്ന് നല്‍കിയത്. നാലുവയസ്സുകാരന്‍ മുഹമ്മദലിയുടെ ശരീരത്തിലെ കരപ്പന് ചികിത്സ ലഭ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ മരുന്ന് നല്‍കിയത്. തുടര്‍ച്ചയായി 10 ദിവസം മരുന്ന് കഴിച്ചതോടെ കുട്ടിയ്ക്ക് കടുത്ത പനി ബാധിച്ചു. കൂടാതെ ശരീര തളര്‍ച്ചയും ശരീരമാസകലം തടിപ്പും വന്നതോടെ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടി അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് പിന്നീട് തിരുവനന്തപുരം ശിശുരോഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ പത്തു ദിവസത്തോളം വെന്റിലേറ്ററില്‍ കിടന്ന ശേഷമാണ് ജീവന്‍ രക്ഷിക്കാനായത്.

Related posts