മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വിചിത്രസഖ്യങ്ങളാണ് മലപ്പുറം ജില്ലയില്‍ മുസ്്‌ലിംലീഗിനെയും കോണ്‍ഗ്രസിനെയും വിറപ്പിച്ചത്. ലീഗിന്റെ നെടുംകോട്ടകളില്‍ വരെ വിള്ളല്‍ വീഴ്ത്തിയാണ് ജനകീയമുന്നണികള്‍ അരങ്ങു തകര്‍ത്തത്. ലീഗിനെ തളക്കാന്‍ ഈ പരീക്ഷണം വിജയമാണെന്നു കണ്ടെത്തിയതോടെ ജനകീയ സ്വതന്ത്രന്മാരെ രംഗത്തിറക്കി പരീക്ഷണം കൂടുതല്‍ വിജയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സിപിഎം.
പ്രധാനമായും ലീഗ് വിമതന്‍മാരെയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. എന്നാല്‍ പലയിടത്തും ജനകീയരെ കണ്ടെത്താന്‍ വൈകിപ്പിക്കുന്നത് സിപിഎമ്മിനെ കുഴക്കുന്നു. സീറ്റുകൈമാറ്റം സംബന്ധിച്ച് സിപിഐയും സിപിഎമ്മും ധാരണയിലെത്തിയിട്ടുമില്ല. ഏറനാടും കൊണ്ടോട്ടിയും ഇതിനുദാഹരണമാണ്. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കാലങ്ങളായി കൊണ്ടോട്ടിയില്‍ സിപിഎം ആണ് മത്സരിച്ചിരുന്നത്. ഇത്തവണ മഞ്ചേരി സീറ്റ് സിപിഎം ഏറ്റെടുത്ത് പകരം കൊണ്ടോട്ടി സിപിഐക്ക് നല്‍കാനാണ് അലോചന. അതേസമയം സിപിഐക്ക് സീറ്റ് കൈമാറുന്നതില്‍ സിപിഎമ്മില്‍ എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ തീരുമാനം വൈകുകയാണ്.
കൊണ്ടോട്ടിയിലെ കഴിഞ്ഞ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലെ വിചിത്രമുന്നണി പരീക്ഷണം വിജയമായിരുന്നു. അതു മുതലെടുക്കാമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. കൊണ്ടോട്ടി സീറ്റ് സംബന്ധിച്ച് സിപിഐയും അന്തിമ തീരുമാന മെടുത്തിട്ടില്ല. കഴിഞ്ഞ തവണ ഏറനാട്ടില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയെ കവച്ചുവച്ച് സര്‍വ സ്വതന്ത്രനായി 47452 വോട്ടുകള്‍ വാരിക്കൂട്ടിയ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ അണിയറ നീക്കങ്ങള്‍ സജീവമാണ്. സിപിഐ, സിപിഎമ്മിനു സീറ്റു വിട്ടുകൊടുത്താല്‍ മാത്രമാണ് അന്‍വര്‍ മത്സരിക്കുക.
നിലമ്പൂരിലും പി.വി.അന്‍വര്‍ സ്ഥാനാര്‍ഥിപട്ടികയിലുണ്ട്. വള്ളിക്കുന്നില്‍ ലീഗ് വിമതന്‍ കെ.സി.സൈതലവിയാണു പട്ടികയില്‍ സാധ്യതയുള്ളത്. സൈതലവി മത്സരിച്ചാല്‍ ലീഗ് വിമത വിഭാഗത്തിന്റെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലെയും വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന പ്രതീക്ഷ ഇടതിനുണ്ട്. തിരൂരങ്ങാടിയില്‍ പരപ്പനങ്ങാടി ജനകീയ മുന്നണി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് മത്സരിച്ചേക്കും. കോട്ടക്കലില്‍ ലീഗ് വിമതനെയും വേങ്ങരയില്‍ ഒരു വ്യവസായിയെയും പരിഗണിക്കുന്നുണ്ടെന്നാണു സൂചന. താനൂരില്‍ മുന്‍ കെപിസിസി മെമ്പറും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന വി.അബ്ദുറഹ്്മാന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ച മട്ടാണ്. വണ്ടൂരില്‍ തൂവൂര്‍ ലോക്കല്‍ സെക്രട്ടറി കെ.നിഷാദിന്റെ പേരും തീരുമാനമായിട്ടുണ്ട്.