ലൈറ്റ് ഹൗസ് റോഡിനു ശാപമോക്ഷമായി; നിര്‍മാണ നടപടികള്‍ ജൂലൈ 15നകം ആരംഭിക്കും

ekm-roadവൈപ്പിന്‍: നിര്‍മാണം തടസപ്പെട്ടുകിടക്കുന്ന പുതുവൈപ്പ് ലൈറ്റ് ഹൗസ് റോഡിന്റെ യൂണിവേഴ്‌സിറ്റി കവലമുതല്‍ വടക്കോട്ട് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ വളപ്പ് ബീച്ച് വരെയുള്ള റോഡ് എല്‍എന്‍ജി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പുനര്‍ നിര്‍മ്മിക്കും. ഇന്നലെ എസ്. ശര്‍മ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം. ജുലൈ 15 നകം പ്രവര്‍ത്തി നടപ്പാക്കുന്നതിനുള്ള വിശദമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് തയ്യാറാക്കും . 30നകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ആഗസ്റ്റ് 15നകം പ്രവൃത്തി ആരംഭിക്കുന്നതിനും പൊതുമരാമത്തുവകുപ്പിന് നിര്‍ദ്ദേശം നല്‍കയതായി എംഎല്‍എ അറിയിച്ചു.

യോഗത്തില്‍ ഉയര്‍ന്നുവന്ന അനുബന്ധ പ്രശ്‌നങ്ങളായ വെള്ളക്കെട്ട്, ആര്‍എംപി തോട് ആഴം കൂട്ടല്‍ എന്നിവ പ്രത്യേകമായി പരിഗണിക്കുന്നതിനും എംഎല്‍എയും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും 23ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. യോഗത്തില്‍ സബ് കലക്ടര്‍ എസ്. സുഹാസ് ഐഎഎസ്,പെട്രോനെറ്റ് എല്‍എന്‍ജി സീനിയര്‍ മാനേജര്‍ ഭുവനചന്ദ്രന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സമരസമിതി പ്രതിനിധികള്‍,പൊതുമരാമത്തുവിഭാഗം എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഇതിനിടെ രണ്ടു വര്‍ഷത്തിലധികമായി താറുമാറായി കിടക്കുന്ന റോഡ് കുറ്റമറ്റ രീതിയില്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പുതുവൈപ്പ് തീരദേശ സംരക്ഷണ സമിതി സമരപ്രഖ്യാപനം നടത്തിയിരുന്നു. അടുത്തമാസം ഒന്നുമുതല്‍ പഞ്ചായത്ത് പടിക്കല്‍ സമരം തുടങ്ങാനായിരുന്നു തീരുമാനം.

എംഎല്‍എ ഇടപെട്ട് റോഡ് നിര്‍മ്മാണ നടപടികള്‍ ജൂലൈ 15നകം ആരംഭിക്കുമെന്ന ഉറപ്പ ലഭിച്ചതിനാല്‍ സമര സമിതി തല്‍ക്കാലം സമര മുറകളില്‍ നിന്നും പിന്‍വലിഞ്ഞ് റോഡ് നിര്‍മ്മാണത്തിന്റെ മോണിറ്ററിംഗ് ഏറ്റെടുക്കും. സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കൗണ്ട് ഡൗണ്‍ ബോര്‍ഡും സ്ഥാപിക്കുമെന്ന് സമിതി നേതാക്കളായ സേവ്യാര്‍ തുണ്ടിപ്പറമ്പില്‍, കെ എക്‌സ് റോബിന്‍ എന്നിവര്‍ അറിയിച്ചു.

Related posts