ലോട്ടറി തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിക്കുന്നു : ഐഎന്‍ടിയുസി

INTUCകൊല്ലം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാന ഘടന കാലോചിതമായി പരിഷ്കരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ട് മൊത്തം സമ്മാനത്തില്‍ ഒരു രൂപയുടെ വര്‍ധനവ് വരുത്താതെ ലോട്ടറി തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ഓള്‍ കേരള ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആരോപിച്ചു.

മൊത്തം വിറ്റുവരവിന്റെ അന്‍പതുശതമാനമെങ്കിലും തുക സമ്മാനമായി വിതരണം ചെയ്‌തെങ്കില്‍ മാത്രമേ സാധാരണ കച്ചവടക്കാര്‍ക്ക് ടിക്കറ്റ് പൂര്‍ണമായും വിറ്റ് ഉപജീവനം നടത്താന്‍ കഴിയുകയുള്ളു. അന്നന്നുള്ള അന്നത്തിനുള്ള വക കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സാധാരണ ലോട്ടറി തൊഴിലാളികളുടെ ടിക്കറ്റ് കച്ചവടത്തിന് ഭീഷണിയായി അന്യ സംസ്ഥാന തൊഴിലാളികളും അനധികൃത കച്ചവടക്കാരും ലോട്ടറി ടിക്കറ്റ് ക്രമാതീതമായി വിലകുറച്ച് വിറ്റ് യഥാര്‍ഥ തൊഴിലാളികള്‍ ടിക്കറ്റ് വില്‍ക്കാനാകാതെ കടക്കെണിയിലേക്ക് അകപ്പെടുകയുമാണ്.

ഇതിന്റെ പിന്നില്‍ എഴുത്ത് ലോട്ടറി വ്യാജ ലോട്ടറി മാഫിയയുടെ കറുത്ത കരങ്ങളാണെന്നും സര്‍ക്കാരും പോലീസും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അനധികൃതമായി വിലകുറച്ചു വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി   ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ്, ജനറല്‍ സെക്രട്ടറി പള്ളിമുക്ക് എച്ച്.താജുദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related posts