ലോറിയിലെ വൈക്കോല്‍ കടത്ത് ഇരുചക്രവാഹനക്കാര്‍ക്കു ഭീഷണി

PKD-KACHILORYചിറ്റൂര്‍: മേല്‍ഭാഗം മൂടാതെ ട്രാക്ടറുകളില്‍ വൈക്കോല്‍ കടത്തുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ട്രാക്ടറില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന വൈക്കോല്‍ പുറകില്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രക്കാരുടെ കണ്ണില്‍വീണ് അപകടങ്ങള്‍ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്.  കൂടാതെ വളരെ ഉയരത്തില്‍ കെട്ടിയ വൈക്കോല്‍ വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് വാഹനങ്ങള്‍ ഉള്‍പ്പടെ കത്തിയമര്‍ന്ന നിരവധി അപകടങ്ങളും നടന്നുകഴിഞ്ഞു.

വേലന്താവളം, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം വഴി തമിഴ്‌നാട്ടിലേക്ക് ദിവസേന 100 മുതല്‍ 150 ട്രാക്ടര്‍ വരെ വൈക്കോല്‍ താലൂക്കില്‍ നിന്നും കടത്തിക്കൊണ്ടുപോകുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലമട മാമ്പള്ളം റോഡില്‍ ട്രാക്ടറില്‍ വൈക്കോല്‍ കൊണ്ടുപോകുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടി തീപിടുത്തമുണ്ടായി. നാട്ടുകാരുടെയും ഫയഫോഴ്‌സിന്റെയും അവസരോചിതമായ ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കിയിരുന്നു. മുമ്പ് പാട്ടികുളത്തും, അയ്യന്‍വീട്ടുചള്ളയിലും രണ്ട് ടെമ്പോകള്‍ തീപിടിച്ച് നശിച്ചിരുന്നു. വൈക്കോല്‍ മേല്‍ഭാഗം മൂടി സുരക്ഷിതമായി കൊണ്ടുപോകാത്തവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts