വടക്കഞ്ചേരി: ബാങ്കിലെ നോട്ടുപ്രശ്‌നത്തെ തുടര്‍ന്നു ക്ഷീരകര്‍ഷകര്‍ പട്ടിണിയിലായി. ഓരോദിവസവും ക്ഷീരസംഘത്തില്‍ അളക്കുന്ന പാല്‍വില ആഴ്ചകളില്‍ ലഭിക്കാത്തതാണ് ക്ഷീരകര്‍ഷക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. പാല്‍ കൊടുത്താല്‍ മില്‍മവഴി പാല്‍വില ബാങ്കിലേക്കാണ് വരിക. എന്നാല്‍ ബാങ്കില്‍നിന്നും പണം എടുക്കുന്നതില്‍ വന്ന നിയന്ത്രണംമൂലം കര്‍ഷകര്‍ക്ക് പാല്‍വില നല്കാനാകാതെ സംഘങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
ഒരാഴ്ചയില്‍ ഒരു സംഘത്തിന്റെ മാത്രം 80,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപ വരെയുണ്ടാകും. സംഘത്തിലെ അംഗങ്ങളുടെ എണ്ണവും പാല്‍ അളവിലെ ഏറ്റക്കുറച്ചിലുമനുസരിച്ച് ഇത് വ്യത്യസ്തമായിരിക്കും. പാല്‍വിറ്റ് ഉപജിവനം നടത്തുന്നവരാണ് ഭൂരിഭാഗം കര്‍ഷകരും. പാല്‍വില കിട്ടാത്തതിനാല്‍ കാലിത്തീറ്റ വാങ്ങാനും വീട്ടുചെലവുകള്‍ക്കും കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.
ബാങ്കുകളില്‍ പണം എടുക്കാനുള്ള നിയന്ത്രണങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ എസ്ബിടി വടക്കഞ്ചേരി ശാഖയ്ക്കുമുന്നില്‍ ക്ഷീരകര്‍ഷകര്‍ സമരം നടത്തി. കെ.ഡി.പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.കെ.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ടി.കണ്ണന്‍, എം.കെ.സുരേന്ദ്രന്‍, പി.എം.കലാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.