വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത; ജനങ്ങള്‍ക്കുള്ള ആശങ്കയ്ക്കു പരിഹാരം കാണണമെന്നു പി.കെ.ബിജു എംപി

pkd-pkbijumpവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത നിര്‍മാണവുമായി ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ക്കു പരിഹാരം കാണണമെന്ന് പി.കെ.ബിജു എംപി ആവശ്യ പ്പെട്ടു. സര്‍വീസ് റോഡില്ലാതെയുള്ള പാതവികസനം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കും. ജനങ്ങളുമായി ആശയവിനിമയം നടത്താതെയാണ് റോഡുനിര്‍മാണം മുന്നോട്ടുപോകുന്നത്. 1998-ലെ എസ്റ്റിമേറ്റ് പ്രകാരമാണ് ആറുവരിപ്പാത നിര്‍മാണം നടത്തുന്നത്.

ഇതിനിടെ നാട്ടിലുണ്ടായ മാറ്റമൊന്നും പരിഗണിക്കാതെ റോഡു നിര്‍മിക്കുന്നത് അപകടങ്ങള്‍ക്കും പ്രതിഷേധത്തിനും വഴിവയ്ക്കും. 2013-ല്‍ പൂര്‍ത്തീകരിക്കേണ്ട റോഡ് വികസനം അനിശ്ചിതമായി നീളുകയാണ്. എവിടെയൊക്കെ സര്‍വീസ് റോഡ്, അണ്ടര്‍പാസ്, യുടേണ്‍, ഡ്രെയിനേജ് എന്നിവയൊക്കെ വേണമെന്നതിനെക്കുറിച്ച്  ജനങ്ങളെകൂടി പങ്കെടുപ്പിച്ച് പരിശോധിക്കണം.

വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ രണ്ടു പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടിയാണ് ആറുവരിപ്പാത നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി എംപി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത്.കുതിരാനിലെ ടണല്‍നിര്‍മാണം പ്രദേശത്ത് സമീപഭാവിയില്‍ തന്നെ കടുത്ത കുടിവെള്ളക്ഷാമത്തിന് വഴിവയ്ക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും എംപി പറഞ്ഞു.

നിലവിലെ തീരുമാനങ്ങള്‍ മാറ്റി ജനഹിതമാക്കാന്‍ വലിയ സമ്മര്‍ദം ഉണ്ടാകണമെന്നും തന്റേതായ പരിപൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും പി.കെ.ബിജു എംപി ഉറപ്പുനല്കി.കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോന്‍ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍സണ്‍, കണ്ണമ്പ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി കണ്‍വീനറായി ജനകീയ സമിതി രൂപീകരിച്ചു.

Related posts