വണ്ണപ്പുറം ടൗണില്‍ തെരുവുവിളക്കില്ല: മോഷ്ടാക്കള്‍ വിലസുന്നു

alp-streetlightവണ്ണപ്പുറം: ടൗണില്‍ തെരുവുവിളക്ക് ഇല്ലാത്തതുമൂലം മോഷ്ടാക്കള്‍ വിലസുന്നു. കാളിയാര്‍ മുതല്‍ അമ്പലപ്പടി വരെയുള്ള ടൗണില്‍ തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പല പരാതികളും അധികാരികള്‍ക്ക് നല്‍കിയിരുന്നു.എന്നാല്‍ അധികാരികള്‍ ഇതൊന്നും ചെവിക്കൊള്ളുന്നില്ല. രാത്രി കാലമായാല്‍ കുട്ടികള്‍ക്കും സ്ത്രികള്‍ക്കും റോഡിലൂടെ നടക്കാന്‍ തന്നെ ഭയമാണ്.

രാത്രി എട്ടാകുമ്പോഴേക്കും വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ തന്നെ അടച്ചിരിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അമ്പലപ്പടി ഭാഗത്തുള്ള പെട്രോള്‍ പമ്പിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ഡിസ്കവര്‍ മോട്ടോര്‍ര്‍സൈക്കിള്‍ മോഷണം പോയിരുന്നു. വണ്ണപ്പുറം ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളിന്റെ പുറത്തിരുന്ന ഹെല്‍മറ്റ് പോലും മോഷ്ടാക്കള്‍ എടുത്തു കൊണ്ടു പോയി. അങ്ങനെ നിരവധി മോഷണങ്ങളാണ് ഈ ടൗണില്‍ നടക്കുന്നത്.

രാത്രികാലമായാല്‍ വ്യാപാര സ്ഥാപനങ്ങളിലെ മീറ്റര്‍ ബോര്‍ഡിലുള്ള ഫ്യൂസ് വരെ മോഷ്ടാക്കള്‍ ഊരി കൊണ്ട് പോകുന്നത് പതിവാണ്. ഈ പഞ്ചായത്തിലെ പല മേഖലകളിലും തെരുവുവിളക്ക് തെളിയുന്നില്ല. ഇതുമൂലം ജനങ്ങള്‍ക്ക് റോഡിന്റെ ദിശ മനസിലാക്കാന്‍ പോലും പറ്റുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൊമ്മന്‍കുത്ത് ചപ്പാത്തിലൂടെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ഭാര്യയും ഭര്‍ത്താവും റോഡിന്റെ ദിശ മനസിലാക്കുവാന്‍ പറ്റാതെ ബൈക്കില്‍ നിന്ന് മറിഞ്ഞ് വീഴുകയും ഭാര്യ പുഴയിലേക്ക് തെറിച്ചു വീഴുകയുമാണ് ഉണ്ടായത്. ചപ്പാത്തിനു സമീപം തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കാളിയാര്‍, വണ്ണപ്പുറം, അമ്പലപ്പടി എന്നിവിടങ്ങളില്‍ ഹൈമാസ്സ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്നു അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതും പാഴ് വാക്കായി.

Related posts