കോന്നി: അച്ചന്‍കോവില്‍-കോന്നി വനാന്തര പാതയില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ കോന്നി ആനത്താവളത്തി ലെത്തിച്ചു. മണ്ണാറപ്പാറ ഭാഗത്ത് പ്രധാന പാതയില്‍ ഇന്നലെ രാവിലെ ആറോടെ വനത്തില്‍ പരിശോധന നടത്തിയ വാച്ചര്‍മാരാണ് ആനക്കുട്ടിയെ കണ്ടത്. റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന ആനക്കുട്ടിയെ വനപാലകര്‍ പിന്തുടര്ന്നെങ്കിലും വൈകുന്നേരം വരെയും കാട്ടിലേക്ക് കയറിയിരുന്നില്ല. ഉദ്ദേശം നാലുമാസം പ്രായംവരുന്ന കുട്ടിക്കൊമ്പന്റെ ശരീരഭാഗങ്ങളില്‍ ചെറിയ മുറിവുകളും കണ്ടിരുന്നു.
ഇതേത്തുടര്‍ന്ന് കോന്നി ഡിഎഫ്ഒ മോഹനന്‍പിള്ള, വനം വെറ്ററിനറി സര്ജന് ഡോ. സി.എസ്. ജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളേത്തുടര്ന്ന് കുട്ടിയാനയെ ആനത്താവളത്തിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. വൈകുന്നേരം 6.30ഓടെ കോന്നി ആനത്താവളത്തിലെത്തിച്ച കുട്ടിയാനയെ ആനത്താവളത്തില്‍ പ്രത്യേകം സജ്ജീകരണങ്ങളൊരുക്കി പാര്‍പ്പിച്ചു. കൂടിനുള്ളില്‍ പ്രാഥമിക ചികിത്സയും കരിക്കിന്‍വെള്ളവും നല്കിയ ആനക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് വനപാലകര്‍ പറഞ്ഞു.
വനത്തിലൂടെ കടന്നുപോയപ്പോള്‍ മുള്ളും മറ്റും കൊണ്ടുണ്ടായ മുറിവുകളാണ് ശരീര ഭാഗത്തുണ്ടായതെന്നും ഇവര്‍ അറിയിച്ചു. മണ്ണാറപ്പാറയില്‍ നിന്നും പിക്കപ്പ് വാനില്‍ കോന്നി റേഞ്ച് ഓഫീസര്‍ നിബു കിരണ്‍, ഫോറസ്റ്റര്‍ വി.കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ആനത്താവളത്തിലെത്തിച്ചത്. ഇന്നു രാവിലെ മുതല്‍ ആനക്കുട്ടിയ്ക്ക് പാല്പൊടിയും പശുവിന്‍പാലും കൊടുക്കുമെന്നു വനപാലകര്‍ അറിയിച്ചു.
വനത്തിനുള്ളിലെ നീര്‍ച്ചാലുകള്‍ വറ്റിയതിനാല്‍ മറ്റ് ആനകള്‍ക്കൊപ്പം അച്ചന്‍കോവിലാര്‍ തീരത്തേക്കു വെള്ളം കുടിക്കാനെത്തിയപ്പോള്‍ ഒറ്റപ്പെട്ടതാകാം ആനക്കുട്ടിയെന്നും വനത്തിലേക്കു കടത്തിവിട്ടാല്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ആനത്താവളത്തിലേക്കു മാറ്റാന്‍ തീരുമാനിച്ചതെന്നും വനപാലകര്‍ പറഞ്ഞു. മലപ്പുറം കരളായില് നിന്നെത്തിച്ച ഗായത്രിയെന്ന ആറുമാസം പ്രായമുള്ള ആനക്കുട്ടിക്ക് സമീപുള്ള കൂടിനുള്ളിലാണ് കുട്ടിക്കൊമ്പനെ പാര്‍പ്പിച്ചിരിക്കുന്നത്.