കോഴിക്കോട്: മലയോര മേഖലയില്‍ വന്യമൃഗങ്ങള്‍ കൃഷി ഭൂമി നശിപ്പിക്കാതിരിക്കാനായി വനമേഖല തിരിച്ച് സൗരോര്‍ജ വേലി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. കോഴിക്കോട് കാന്തലാട് തലയാട് മലയോര പ്രദേശത്ത് സ്ഥിരതാമസമുള്ള കര്‍ഷകര്‍ക്ക് വേണ്ടി കല്യാണി ബാലനും മറ്റുള്ളവരും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തെങ്ങ്, കവുങ്ങ് കൊക്കോ കൃഷികള്‍ ചെയ്യുന്ന തങ്ങളുടെ കൃഷിയിടങ്ങള്‍ കുരങ്ങന്മാര് കൂട്ടമായെത്തി നശിപ്പിക്കുന്നു എന്നാണ് പരാതി. കമ്മീഷന് കോഴിക്കോട് ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
വന്യ മൃഗങ്ങളുടെ ആക്രമണത്താല്‍ കൃഷി നശിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് വനം വകുപ്പാണെന്ന് കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍വേലി കെട്ടുന്നതിനാവശ്യമായ ഭൂമി വനംഭൂമിയില്‍ നിന്ന് തിരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കര്‍ഷകരുടെ ഭൂമി നിശ്ചിത രീതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അതിനുള്ള വില കര്‍ഷകര്‍ക്ക് നല്‍കണം. സോളാര്‍വേലി കെട്ടുന്നതിനാവശ്യമായ നടപടികള്‍ ദ്രുതഗതിയിലാക്കണമെന്നും പി. മോഹനദാസ് ഡിഎഫ്ഒക്കും ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും നിര്‍ദേശം നല്കി.