തൊടുപുഴ: വനിതാ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തിയ പെണ്‍കുട്ടിയോട് വധഭീഷണി മുഴക്കിയ യുവാവിനെ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നു പോലീസ് അറസ്റ്റു ചെയ്തു. പൊന്നന്താനം അഴുകുംപാറ അള്ളുങ്കല്‍ ബിജു വിജയനെയാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ തൊടുപുഴ ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കഞ്ചാവിനും മദ്യത്തിനും അടിമയായ ബിജുവിന്റെ ശല്യം സഹിക്കാന്‍ പറ്റില്ലെന്നും അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നതായും ചൂണ്ടിക്കാട്ടി കോളനിയിലെ ഒരു പെണ്‍കുട്ടി വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബിജു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും. വനിത കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവിയോടും ബിജു മോശമായി പെരുമാറി.
ഇതോടെ കമ്മീഷന്‍ പോലീസിനെ വിളിച്ചു വരുത്തി ബിജുവിനെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. കഞ്ചാവിന് അടിമയായ ബിജുവിനെക്കുറിച്ചു പൊന്നന്താനം കോളനി നിവാസികളും കമ്മീഷനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു വനിത കമ്മീഷന്റെ നിര്‍ദേശ പ്രകാരം വനിതാ പോലീസ് കോളനിയിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ കഴമ്പുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്നലെ ബിജുവിനെ അദാലത്തിലേയ്ക്കു വിളിച്ചു വരുത്തിയത്. പെണ്‍കുട്ടിയെയും മാതാ പിതാക്കളെയും ബിജു ഭീഷണിപ്പെടുത്തി. വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ബിജു കമ്മീഷന്റെ സാന്നിധ്യത്തില്‍ ബിജു ഭീഷണി മുഴക്കി. കമ്മീഷന്റെ പദവിയോട് അപമാനകരമായ രീതിയില്‍ സംസാരിച്ച ബിജു നീതികരിക്കാത്ത കുറ്റമാണു ചെയ്‌തെന്ന് ഡോ. ജെ. പ്രമീള ദേവി പോലീസിന് മൊഴി നല്‍കി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി അറിയിച്ചു.