പത്തനംതിട്ട: 1982ല്‍ രൂപീകൃതമായ പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാലം കളക്ടറായിരുന്നുവെന്ന ബഹുമതിയുമായാണ് എസ്. ഹരികിഷോര്‍ സ്ഥാനം ഒഴിയുന്നത്. 2014 മാര്‍ച്ച് 15നാണ് എസ്. ഹരികിഷോര്‍ ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്. ജനകീയ കളക്ടറെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തമാണ്. അവിചാരിതമായ ഒരു സ്ഥലംമാറ്റമായിരുന്നു ഹരികിഷോറിന് 2014ല്‍ ലഭിച്ചത്. ടൂറിസം ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് പ്രകൃതി രമണീയതയിലും സാംസ്കാരിക സമ്പന്നതയിലും തീര്‍ഥാടന കേന്ദ്രങ്ങളുടെ ബാഹുല്യത്തിലും മുന്നില്‍ നില്ക്കുന്ന പത്തനംതിട്ട ജില്ലയുടെ കളക്ടറായി ഹരികിഷോര്‍ നിയമിതനാകുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തിയ ഒരു മാറ്റത്തിലൂടെയാണ് ഹരികിഷോര്‍ ചുമതലയേല്‍ക്കുന്നത്. തെരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ ആരംഭിച്ചശേഷമുള്ള മാറ്റം അവിചാരിതമായിരുന്നു. പത്തനംതിട്ടയില്‍ കളക്ടറായി എത്തിയ ബി.മോഹനന് കൊല്ലം കളക്ടറായിരിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റിനെ സ്വീകരിക്കാന്‍ പോയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തസ്തികയില്‍ നിന്നു മാറ്റാന്‍ നിര്‍ദേശിച്ചത്.
തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ മധ്യത്തിലായിരുന്നു മാറ്റമെങ്കിലും സംസ്ഥാനത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിച്ച വരണാധികാരിക്കുള്ള ബഹുമതി തെരഞ്ഞെടുപ്പ് കമ്മീഷന് ഹരികിഷോറിനു നല്കി. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഹരികിഷോറിനു വീണ്ടും ഒരു മാറ്റം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതവേഗത്തില്‍ ഏറ്റെടുത്തു നടപ്പാക്കാനുള്ള പ്രത്യേക കഴിവും പത്തനംതിട്ട ജില്ലയുടെ തനതു പ്രാധാന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചതും ഹരികിഷോറിനു നേട്ടമായി. അന്നത്തെ റവന്യുമന്ത്രിയുടെ സ്വന്തം നാട്ടില്‍ ജില്ലാ കളക്ടര്‍ നടപ്പാക്കിയ പദ്ധതികള്‍ ഏറെ പ്രശംസനീയമായി.
പത്തനംതിട്ടയുടെ ടൂറിസം രംഗത്ത് അദ്ദേഹം നടപ്പാക്കിയ വിവിധ പദ്ധതികള്‍ ശ്രദ്ധേയമായി. മികച്ച ജില്ലാ കളക്ടര്‍ക്കുള്ള ബഹുമതി കഴിഞ്ഞവര്‍ഷം ഹരികിഷോറിനു ലഭിച്ചു. സംയോജിത ശിശുവികസന പദ്ധതി പ്രവര്‍ത്തനങ്ങളുടെ മികച്ച കളക്ടര്‍ക്കുള്ള പദവി അദ്ദേഹത്തെ തേടിയെത്തിയത് കഴിഞ്ഞയാഴ്ച യാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, റവന്യുമന്ത്രിയുടെ അദാലത്ത് എന്നിവയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ ശക്തമായ നേതൃത്വം അദ്ദേഹം നല്കി.
തദ്ദേശസ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പു കാലയളവില്‍ ജില്ലയുടെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ കളക്ടര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. ആദിവാസി കോളനികളിലടക്കം ജില്ലാ കളക്ടര്‍ നടത്തിയ സന്ദര്‍ശനവും പ്രത്യേക പദ്ധതികളും പ്രശംസനീയമായി. രണ്ട് ശബരിമല തീര്‍ഥാടനകാലത്തും ജില്ലയിലെ ഇതര മതസംഗമങ്ങളിലും കളക്ടറുടെ നേതൃത്വം ഏറെ പ്രശംസനീയമായി. കുടുംബശ്രീ മിഷന് ഡയറക്ടറുടെ ചുമതലയിലേക്കാണ് ഹരികിഷോറിനെ മാറ്റിയിരിക്കുന്നത്.