മാനന്തവാടി: മാനന്തവാടി തലപ്പുഴ ചിറക്കരയില്‍ തോട്ടം മേഖലയിലെ വീടുകളില്‍ ആയുധധാരികളായ ആറംഗ മാവോയിസ്റ്റ് സംഘമെത്തി. ലഘുലേഖകള്‍ വിതരണം ചെയ്ത് അരിയും ഭക്ഷണവും ശേഖരിച്ച് കാടുകളിലേക്ക് മടങ്ങി. ഇന്നെല രാത്രി എട്ടുമണിയോടുകൂടിയാണ് ചിറക്കര നലാംനമ്പര്‍ കോളനിക്കുസമീപം മൂന്ന് വീടുകളില്‍ എത്തി അരിയും ഭക്ഷണവും ശേഖരിച്ചത്.
വീട്ടുകാരെ കാവല്‍ നിര്‍ത്തി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച സംഘം വീട്ടില്‍നിന്ന് അരിയും മറ്റ് സാധനങ്ങളും ശേഖരിച്ചു. നാലു പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘമാണ് പാടിയിലെത്തിയത്. പച്ച നിറത്തിലുള്ള യൂണിഫോം ധരിച്ച സംഘത്തിലെ എല്ലാവരുടേയും കൈയില്‍ തോക്കുകള്‍ ഉണ്ടായിരുന്നു. ഇരുപത് മിനിറ്റിലധികം പാടികളില്‍ ചിലവഴിച്ച സംഘം തങ്ങള്‍ മാവോവാദികളാണെന്ന് പരിചയപ്പെടുത്തിയശേഷമാണ് ഭക്ഷണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒരു വീട്ടില്‍ പഴയ ലക്കം കാട്ടുതീയുടെ ലഘുലേഘനങ്ങള്‍ വിതരണം ചെയ്തു. കന്നടയും മലയാളവും സംസാരിക്കുന്നുണ്ടായിരുന്നു ഇവര്‍.
തലപ്പുഴ ഭാഗത്ത് നലാം തവണയാണ് മാവോയിസ്റ്റുകള്‍ എത്തിപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയം തലപ്പുഴ കമ്പമല എസ്റ്റേറ്റില്‍ മാവോയിസ്റ്റുകളെത്തി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വനം ചെയ്തിരുന്നു. ഇന്നലെ രാത്ര തന്നെ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തിയിരുന്നു. പോലീസിന്റെ പരിശോധനയില്‍ മാവോയിസ്റ്റ് നേതാക്കളായ ജയഅണ്ണ, സുന്ദരി എന്നിവര്‍ അടങ്ങിയ സംഘമാണ് പാടികളില്‍ എത്തിയെതെന്ന് പോലീസ് പറഞ്ഞു.
വിലങ്ങാട് കുറ്റല്ലൂര്‍ കോളനിയിലും മാവോയിസ്റ്റ് സാന്നിധ്യം
നാദാപുരം : വിലങ്ങാട് മലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കുറ്റല്ലൂരില്‍ കോളനിയിലാണ് ഇന്നലെ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞത്. കണ്ണവം വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കുറ്റല്ലൂര്‍ കോളനിയിലെ താമസക്കാരനാണ് ഇന്നലെ സന്ധ്യയ്ക്ക് വീടിനടുത്ത് സൈനിക യൂണിഫോം ധരിച്ച ആയുധധാരികളെ കണ്ടത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്.
കോളനിയിലേക്കുള്ള തകരാറിലായ കുടിവെള്ള പൈപ്പ് നന്നാക്കാന്‍ വന മേഖലയിലെത്തിയതായിരുന്നു കോളനി നിവാസിയായ യുവാവ്. ഇയാളെ കണ്ടതോടെ മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മറയുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് നാദാപുരം സിഐ കെ.എസ.് ഷാജി, വളയം എസ്‌ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. 2015 ജനുവരി ഒന്നിന് പാനോത്തും നാലിന് പന്നിയേരി കോളനിയിലും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. രാത്രി വൈകിയും സ്ഥലത്ത് ശക്തമായ പോലീസ് കാവലുണ്ട്.