വയസ് വെറും 25; ആസ്തി 85,000 കോടി! ചില കേന്ദ്രങ്ങള്‍ ഹ്യൂവിനു ചാര്‍ത്തിയത് പകുതി ലണ്ടന്റെ അവകാശിയെന്ന വിശേഷണം

KODEESWARANലണ്ടന്‍: ഏഴാമത് വെസ്റ്റ്മിനിസ്റ്റര്‍ ഡ്യൂക്കായി സ്ഥാനമേറ്റ ഇരുപത്തഞ്ചുകാരനായ ഹ്യൂ റിച്ചാര്‍ഡ് ലൂയിസ് ഗ്രോസ്‌വെനര്‍ക്ക് ആസ്തി 85,842കോടി രൂപ!. ആറാമത്തെ വെസ്റ്റ്മിനിസ്റ്റര്‍ പ്രഭു ജെറാള്‍ഡ് കാവെന്‍ഡിഷ് ഗ്രോസ്‌വെനര്‍ (64) ചൊവ്വാഴ്ച അപ്രതീക്ഷിതമായി  മരിച്ചതോടെയാണ് മകന്‍ ഹ്യൂ റിച്ചാര്‍ഡ് പുതിയ ഡ്യൂക്കായത്. ഒരു ഗ്രീന്‍ടെക് കമ്പനിയില്‍ അക്കൗണ്ടന്റായ ഹ്യൂ ബ്രിട്ടനിലെ അതിസമ്പന്നരില്‍ മൂന്നാമനും ലോകസമ്പന്നരില്‍ 68-ാമനുമാണെന്നു ഫോര്‍ബ്‌സ് കണക്കാക്കുന്നു. പകുതി ലണ്ടന്റെ അവകാശിയെന്ന വിശേഷണമാണ് ചില കേന്ദ്രങ്ങള്‍ ഹ്യൂവിനു ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.

ചെഷയറിലെ ഈറ്റണ്‍ ഹാളും ബിര്‍മിംഗ്ഹാം കൊട്ടാരത്തിനു സമീപമുള്ള  എസ്റ്റേറ്റും എല്ലാം ഹ്യൂവിന്റെ കൈകളിലെത്തി. ഈറ്റണ്‍ ഹാളാണ് 15-ാം നൂറ്റാണ്ട് മുതല്‍ ഗ്രോസ്‌വെനര്‍ കുടുംബത്തിന്റെ ഔദ്യോഗിക വസതി. ഇതിനു പുറമേ സ്‌കോട്‌ലന്‍ഡിലും സ്‌പെയിനിലും ആയിരക്കണക്കിനേക്കര്‍ ഭൂസ്വത്തുമുണ്ട്. മൂത്ത രണ്ടു സഹോദരിമാര്‍കൂടിയുണ്ടെങ്കിലും നിയമപ്രകാരം കുടുംബസ്വത്തിന്റെ മുഴുവന്‍ അവകാശവും ഹ്യൂവിനാണ്.

ബ്രിട്ടീഷ് രാജകുടുംബത്തോട് ഏറെ അടുപ്പമുള്ള കുടുംബമാണ് ഗ്രോസ്‌വെനറിന്റേത്. വില്യം രാജകുമാരന്റെ  മകനും മൂന്നു വയസുകാരനുമായ ജോര്‍ജ് രാജകുമാരന്റെ തലതൊട്ടപ്പന്‍ ഹ്യൂവാണ്. 2013ല്‍ ജോര്‍ജിന്റെ തലതൊട്ടപ്പനായപ്പോള്‍ ഹ്യൂവിനു പ്രായം ഇരുപത്തിരണ്ട് മാത്രം. പൊതുവിടങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞു നിന്ന കൊച്ചുകോടീശ്വരന്‍ വാര്‍ത്തയില്‍ നിറഞ്ഞത്  21-ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ചാണ്. ഈറ്റണ്‍ ഹാളില്‍ 800 അതിഥികള്‍ പങ്കെടുത്ത ആഘോഷത്തിനായി 435 കോടി രൂപയാണ് ഗ്രോസ്‌വെനര്‍ കുടുംബം ചെലവിട്ടത്.  ഹാരി രാജകുമാരന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts