വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായ പദ്ധതികള്‍; വരള്‍ച്ചക്കെടുതി നേരിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

pkd-waterകൊല്ലം ജില്ലയിലെ വരള്‍ച്ച നേരിടുന്നതിന് കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.കൃഷിക്കും മറ്റും ആവശ്യമായ വെള്ളം വിതരണം ചെയ്യുന്നതിന് കെ ഐ പി കനാലുകള്‍ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി അധികൃതരുമായി ചേര്‍ന്ന് പദ്ധതി തയാറാക്കണമെന്നും ജനുവരി മാസത്തോടെ കനാലുകള്‍ ഉപയോഗയോഗ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

വരള്‍ച്ചയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണം. ഏറ്റവും അധികം വരള്‍ച്ചക്കെടുതി നേരിടാന്‍ സാധ്യതയുള്ള  സ്ഥലങ്ങളുടെ പട്ടിക ജില്ലാ കളക്ടര്‍ ശേഖരിച്ച് മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. ഇറിഗേഷന്‍ വകുപ്പും വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കലക്ടറുടെ ഏകോപനത്തില്‍ സമയബന്ധിതമായി പദ്ധതി നിര്‍വഹണത്തില്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജലാശങ്ങളുടെ പുനരുദ്ധാരണം, കുടിവെള്ളപദ്ധതികളുടെ അറ്റകുറ്റപ്പണി, ടാങ്കര്‍ ലോറിയിലെ ശുദ്ധജല വിതരണം തുടങ്ങിയ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ മിത്ര ടി, ആര്‍ ഡി ഒ വി.രാജചന്ദ്രന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts