പെരുമ്പടവ്: വരള്‍ച്ചയെ തുടര്‍ന്നു നശിച്ച കാര്‍ഷിക വിളകള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും കാര്‍ഷികകടങ്ങള്‍ എഴുതി തള്ളണമെന്നുമുള്ള ആവശ്യമുയരുന്നു.മലയോരമേഖലയില്‍ ഇത്തവണ കടുത്തചൂടില്‍ വന്‍ കൃഷിനാശമാണു സംഭവിച്ചത്. മുന്‍കാലങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നെങ്കിലും ഇക്കുറി അതുണ്ടായില്ല. ചപ്പാരപ്പടവ്, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ വാഴ, ജാതി, കുരുമുളക്, കാപ്പി, കവുങ്ങ് തുടങ്ങിയവ വ്യാപകമായി ഉണങ്ങി നശിച്ചു. തെങ്ങിന്റെ മണ്ടയും കരിഞ്ഞ് ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. പെരുമ്പടവ് മേഖലയില്‍ വലിയനാശമുണ്ട്.
കൃഷിവകുപ്പില്‍നിന്നു ആവശ്യമായ നിര്‍ദേശങ്ങളോ സഹായങ്ങളോ ഇതുവരെയുണ്ടായില്ല. കര്‍ഷകര്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്നും പരാതിയു ണ്ട്. ഇലക്ഷനായിട്ടുപോലും ജനപ്രതിനിധികളോ, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരോ തിരിഞ്ഞുനോക്കുന്നില്ല. നശിച്ച കാര്‍ഷിക വിളകള്‍ക്ക് അടിയന്തരസഹായം നല്കുന്നതിനു പുറമെ വരള്‍ച്ച അനുഭവപ്പെടുന്ന മേഖലകളില്‍ കയ്യാലകള്‍, നീര്‍ക്കുഴികള്‍, തോടുകള്‍ ചെക്കുഡാമുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.