തലശേരി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍മന്ത്രി കെ.സി. ജോസഫിനെതിരേ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഇരിട്ടി പെരിങ്കിരി ആറാക്കല്‍ വീട്ടില്‍ എ.കെ. ഷാജി അഡ്വ. ഇ.നാരായണന് മുഖാന്തിരം നല്കിയ ഹര്‍ജിയിലാണ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്.
അടുത്ത മാസം 16നകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയോടാണ് ഉത്തരവിട്ടത്. 18,28, 668 രൂപ കെ.സി ജോസഫ് അഴിമതിയിലൂടെ സമ്പാദിച്ചിട്ടുളളതായി ഷാജി കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നു.
നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി 2011 മാര്‍ച്ച് 24 ന് സമര്‍പ്പിച്ച നോമിനേഷനോട് ചേര്‍ന്ന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കെ.സി. ജോസഫിന്റേയും കുടുംബാംഗങ്ങളുടേയും ആസ്തി കെ.സി.ജോസഫ് 5,75,000, ഭാര്യ 10,50,000, ആശ്രിതന്.1- 36,000, ആശ്രിതന് 2-36,000 എന്നിങ്ങനെ 16,97,000 രൂപയായിരുന്നു. എന്നാല്‍ 2016 ഏപ്രില്‍ 29 ന് നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കെ.സി.ജോസഫ് 16,22,422 രൂപയും ഭാര്യ 71,28705 ആശ്രിതന്.1- 44,79,911, ആശ്രിതന് 2 -38540 രൂപയും ഉള്‍പ്പെടെ 1,32,69578 രൂപയുമാണ് ആസ്തി കാണിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പ്രതിയും കുടുംബവും സമ്പാദിച്ച ജംഗമ ആസ്തി 1,15,72578 രൂപയാണെന്ന് പരായില്‍ പറയുന്നു.
2015-2016 കാലഘട്ടത്തില്‍ കെ.സി. ജോസഫിന്റെ ആകെ വാര്‍ഷിക വരുമാനം 3,62,032 രൂപയും ഭാര്യയുടേത് 15,86,750 രൂപയും ആണെന്ന് സത്യവാങ്ങ്മൂലത്തിലുണ്ട്. ഈ സത്യപ്രസ്ഥാവന പ്രകാരം കെ.സിക്കും കുടുംബത്തിനും കഴിഞ്ഞ അഞ്ച് വര്‍ഷം ആകെ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ജംഗമ ആസ്തി 97,43,910 രൂപയാണ്.
ഇതില്‍ നിന്നും ചിലവുകള്‍ മാറ്റിയാല്‍ കുറച്ച തുക മാത്രമേ സമ്പാദ്യമായി ഉണ്ടാകാന്‍ പാടുള്ളൂവെന്നും ഇതിന് വിരുദ്ധമായി കഴിഞ്ഞ ഏപ്രില്‍ 28 ന്റെ സത്യവാങ്ങ്മൂലത്തില്‍ 1,15,72,578 രൂപയുടെ ആസ്തിയുണ്ടെന്നും ഇതില്‍ 18,28,668 രൂപ അധികമുള്ള ജംഗമ ആസ്തിയാണെന്നും പരാതിയില്‍ പറയുന്നു. ഈ തുക പൊതു പ്രവര്ത്തകന് എന്ന നിലയില്‍ അഴിമതി നടത്തി സമ്പാദിച്ചതാണെന്നും കൂടാതെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പ്രതിക്കും കുടുംബത്തിനും ചിലവ് നടത്തുന്നതില്‍ രഹസ്യ വരുമാനം ഉണ്ടായിട്ടുണ്ടെന്നും ഇതും പൊതു പ്രവര്ത്തകന് എന്ന നിലയില്‍ അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നും പരാതിയില്‍ പറയുന്നു.