സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ കാമുകനായ മുഖ്യപ്രതിയടക്കം മൂന്നു പ്രതികളും പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ വര്‍ക്കല താഴെ വെട്ടൂര്‍ സ്വദേശിയുമായ സഫീര്‍ എന്നു വിളിക്കുന്ന സുജിത്ത് (24), സുജിത്തിന്റെ സുഹൃത്തുക്കളായ വര്‍ക്കല താഴെ വെട്ടൂര്‍ സ്വദേശി റാഷിദ് (20), ഷൈജു (20) എന്നിവരാണു പിടിയിലായത്.
റാഷിദിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയും സുജിത്തിനെയും ഷൈജുവിനെയും ഇന്നലെ വൈകുന്നേരത്തോടെയുമാണു തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കോഴിക്കോട് വടകര ഭാഗത്തുനിന്നു പിടികൂടിയ രണ്ടു പ്രതികളെയും അര്‍ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചു. തുടര്‍ന്നു റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. മൂന്നു പേരുടെയും അറസ്റ്റ് ഇന്നു രാവിലെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കും.
പ്രതികളുടെ സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുടുക്കാനായത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണെ്ടന്നു പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം വര്‍ക്കല ജൂഡീഷല്‍ മജിസ്ട്രേട്ട് രാജേഷ് പെണ്‍കുട്ടിയില്‍നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണു തിരുവനന്തപുരം ഒരുവാതില്‍കോട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി വഴിയില്‍ തള്ളിയത്. വര്‍ക്കല അയന്തിഭാഗത്തെ വിജനമായ സ്ഥലത്ത് അവശയായി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കണെ്ടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.