വര്‍ധിക്കുന്ന താപനില; അലോപ്പതി മരുന്നുകളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്

Medicineകോഴിക്കോട്: സംസ്ഥാനത്തെ താപനില കുത്തനെ ഉയരുന്നത് അലോപ്പതി മരുന്നുകളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. നിശ്ചിത താപനിലയില്‍ മരുന്നുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ അവയുടെ രാസഘടനയില്‍ മാറ്റം സംഭവിച്ച് ഗുണം കുറയുകയും ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുസൂക്ഷിക്കുന്നതിനുള്ള ശീതികരണ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളാണ് കൂടുതല്‍ അപകടത്തിനിടയാക്കുക. മരുന്നുകളുടെ  ഗുണനിലവാരം  ഉറപ്പുവരുത്താന്‍ സംസ്ഥാന  ഔഷധ നിയന്ത്രണ  വിഭാഗത്തിനു ഉത്തരവാദിത്തമുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കേരള ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

ഔഷധ നിര്‍മാണ കമ്പനികള്‍ അവര്‍ ഉത്പാദിപ്പിച്ചു വിപണനം ചെയ്യുന്ന മരുന്നുകള്‍ സൂക്ഷിക്കേണ്ട  താപനിലയും മറ്റും മരുന്ന് ലേബലില്‍  വ്യക്തമാക്കുന്നുണ്ട്.  കൊളെസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനായി പതിനായിരക്കണക്കിനു രോഗികള്‍ നിത്യവും ഉപയോഗിക്കുന്ന അറ്റൊര്‍വസ്റ്റാറ്റിന്‍ എന്ന മരുന്ന് സൂക്ഷിക്കേണ്ടത് 30 ഡിഗ്രി  താപനിലയില്‍ താഴെയാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന്  ഉപയോഗിക്കുന്ന അംലോഡിപിന്‍, പ്രമേഹം  നിയന്ത്രിക്കുന്നതിനു ഉപയോഗിക്കുന്ന ഗ്ലിമിപിരൈഡ്,  പനിയും ശരീര  താപനിലയും കുറയ്ക്കുന്നതിനായി  കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന  പാരസിറ്റമൊള്‍  സിറപ്പ്, മുറിവ്  ഉണങ്ങാന്‍ ഉപയോഗിക്കുന്ന ബെറ്റാഡിന്‍  ഓയിന്റ്്‌മെന്റ് എന്നിവയും 30 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്. ആസ്തമ, അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന സെറോഫ്‌ളോ, അസ്താലിന്‍, ഫൊര്‍മിഫ്‌ലൊ തുടങ്ങിയവയും 30 ഡിഗ്രി  താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്.

പ്രമേഹ രോഗികള്‍ പതിവായി  ഉപയോഗിക്കുന്ന ഡയോനില്‍ ഗുളിക,  ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, തുടങ്ങിയവ  നിയന്ത്രിക്കുന്നതിനു  ഉപയോഗിക്കുന്ന രാബെപ്രസോള്‍, റാനിട്ടിഡിന്‍,  ഹൃദയ സംബന്ധമായ  അസുഖങ്ങള്‍ക്കുള്ള ക്ലോപിഡോഗ്രേല്‍ , ശരീരപോഷണത്തിന് ഉപയോഗിക്കുന്ന  സിങ്കോവിറ്റ് എന്നിവയും മുഖക്കുരു , ചര്‍മ്മ  രോഗങ്ങള്‍ തുടങ്ങിയവ ഉന്മൂലനം  ചെയ്യാന്‍ ഉപയോഗിക്കുന്ന  ക്ലിന്ടമൈസിന്‍, ബെറ്റ്‌നൊവെറ്റ്-സി, ഗപാപ്ടിന്‍ , നടുവേദന, ശരീര സന്ധി വേദന എന്നിയ മാറ്റുന്നതിന് ഉപയോഗിക്കുന്ന ഡിഎഫ്ഓ ജെല്‍, ജെല്‍ ഓഡി എന്നിവയും നിശ്ചിത താപനില വിട്ടു സൂക്ഷിക്കാന്‍ പാടില്ല.

ശ്വാസംമുട്ടല്‍  നിയന്ത്രിക്കാന്‍  കുട്ടികള്‍ക്കടക്കം  കൊടുക്കുന്ന  സാല്‍ബുടാമോള്‍, മെറ്റാസ്‌പ്രേ, ഫോറാ കോര്‍ട്ട്, പുകവലി നിറുത്താന്‍ ഉപയോഗിക്കുന്ന നികൊറ്റെക്‌സ്  തുടങ്ങി  നിരവധി മരുന്നുകള്‍ 25 ഡിഗ്രി താപനിലയില്‍ താഴെ സൂക്ഷിക്കേണ്ടവയാണ്. കേരളത്തിലെ മുഴുവന്‍  ഔഷധ വിതരണ ശാലകളിലും കൃത്യമായ ശീതീകരണ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കേരള ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Related posts