പെരുമ്പടവ്: കഴിഞ്ഞദിവസം പെരുമ്പടവ് കല്യാണപുരത്ത് രാത്രിയില്‍ വളര്‍ത്തുനായയെ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കിഴക്കേ അരഞ്ഞാണിയില്‍ ബേബിയുടെ കൂട്ടിലിട്ട് വളര്‍ത്തുന്ന നായയെയാണ് സാമൂഹ്യദ്രോഹികള്‍ ചുട്ടുകൊന്നത്. വീടിനു സമീപത്തു തന്നെയാണ് നായയുടെ കൂടുള്ളത്. കൂടിനു സമീപത്തുനിന്ന് ഒഴിഞ്ഞ പെട്രോള്‍ കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കിഴക്കെ അരഞ്ഞാണിയില്‍ ബേബിയുടെ വീട്ടില്‍ ബേബിയും ഭാര്യയും മാത്രമുള്ള സമയത്താണു സാമൂഹ്യദ്രോഹികള്‍ എത്തിയത്. വീടിനു മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.
നായ കുരച്ചപ്പോള്‍ അതിന്റെ ദേഹത്തു പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തതായി സംശയിക്കുന്നു. ചുട്ടുകൊന്ന നായയെ ഞായറാഴ്ച കുഴിച്ചുമൂടിയിരുന്നു. അതിനെ ഇന്നലെ വൈകുന്നേരം ആലക്കോട് വെറ്ററിനറി സര്‍ജന്‍ ഡോ. എസ്.ആര്‍. ഹരെയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വിദഗ്ധ പരിശോധയ്ക്കായി ലാബിലേക്കയച്ചു. എസ്‌ഐമാരായ മനോഹരന്‍, വിജയന്‍, പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, പവിത്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായ എസ്പിസിഎ കമ്മിറ്റിയും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ട്.