കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും വെള്ളം കുടിപ്പിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മര്‍ദതന്ത്രവുമായി രംഗത്തിറങ്ങുന്നു. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കാനാണു രാഗേഷിന്റെ നീക്കം.
രാഗേഷിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ഐക്യജനാധിപത്യ സംരക്ഷണസമിതി യോഗം അഴീക്കോട് മത്സരിക്കാനും എല്‍ഡിഎഫിന്റെ പിന്തുണ ലഭിക്കുകയാണെങ്കില്‍ സ്വീകരിക്കാനും തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പിന്തുണച്ചില്ലെങ്കിലും പി.കെ. രാഗേഷിനെ മത്സരിപ്പിക്കാന്‍ തന്നെയാണ് സമിതിയുടെ തീരുമാനം.
രാഗേഷ് കോര്‍പറേഷനിലേക്കു മത്സരിച്ചു വിജയിച്ച പഞ്ഞിക്കയില്‍ ഡിവിഷന്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് അഴീക്കോട്. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷ് ഒമ്പത് ആവശ്യങ്ങളാണ് ഡിസിസി നേതൃത്വത്തിന് മുന്നില്‍വച്ചത്. കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച രാഗേഷ് തന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നു സ്റ്റോന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല നിലപാടെടുത്തിരുന്നു.
രാഗേഷിന്റെ ഏതാനും ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക്, പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റികള്‍ പുനസംഘടിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതാണു വീണ്ടും സമ്മര്‍ദവുമായി ഇറങ്ങാന്‍ കാരണം. അഴീക്കോട് മണ്ഡലം തിരിച്ചു പിടിക്കാനും കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം ഉറപ്പിക്കാനും ആഗ്രഹിക്കുന്ന എല്‍ഡിഎഫ് ചില വാഗ്ദാനങ്ങള്‍ രാഗേഷിനു നല്‍കിയതായും സൂചനയുണ്ട്. അതേസമയം രാഗേഷുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണു കോണ്‍ഗ്ര്‌സ ജില്ലാ നേതൃത്വം പറയുന്നത്.