ഇന്ത്യയില്‍ അപകടത്തില്‍ചാടിയിരിക്കുകയാണ് ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ്, ഫയല്‍ ഷെയറിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ്. അവര്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയ പുതിയ സെക്യൂരിറ്റി ഫീച്ചറാണ് പ്രശ്‌നമായിരിക്കുന്നത്. ഓണ്‍ലൈന്‍ ചാറ്റിന് വാട്ട്‌സ്ആപ്പ് കൊണ്ടുവന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. നിലവിലുള്ള ടെലികോം റൂള്‍സ് പ്രകാരം വാട്ട്‌സ്ആപ്പ് ബാന്‍ ചെയ്യപ്പെടാം. ഇതു സംബന്ധിച്ച തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും ഇളവുകള്‍ നല്‍കാത്തപക്ഷം അങ്ങനെ സംഭവിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് അയയ്ക്കുന്ന ചാറ്റുകള്‍ കമ്പനിക്കോ മറ്റാര്‍ക്കെങ്കിലുമോ ക്രാക്ക് ചെയ്ത് വായിക്കാന്‍ കഴിയില്ല. എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാവൂ. 256-ബിറ്റ് കീ ഉപയോഗിച്ചാണ് ഈ എന്‍ക്രിപ്ഷന്‍ സാധ്യമാക്കുന്നത്. ഇത് ആശയവിനിമയത്തില്‍ പങ്കെടുക്കുന്ന രണ്ടുപേര്‍ക്കു മാത്രമേ അറിയാനാവൂ.
മെസേജില്‍ എന്താണെന്ന് പുറത്തുള്ള ഒരൊറ്റയാള്‍ക്കും കാണാനാവില്ല- സൈബര്‍ ക്രിമിനലുകള്‍ക്കോ ഹാക്കര്‍മാര്‍ക്കോ ഞങ്ങള്‍ക്കുപോലുമോ- വാട്ട്‌സ്ആപ്പ് ഫൗണ്ടര്‍മാരായ യാന്‍ കൂമും ബ്രയന്‍ ആക്ടണും ബ്ലോഗില്‍ പറയുന്നു. ഉപയോക്താക്കളെ സംബന്ധിച്ച് ഇത് ഏറ്റവും മികച്ച സ്വകാര്യതയാണ് വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമം അനുസരിച്ച് ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് 40-ബിറ്റ് എന്‍ക്രിപ്ഷന്‍ വരെ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതിലും ഉയര്‍ന്ന എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ ഉപയോഗിക്കണമെങ്കില്‍ ഗവണ്‍മെന്റില്‍നിന്ന് അനുവാദം വാങ്ങണം. വാട്ട്‌സ്ആപ്പിന് ഈ അനുമതി വാങ്ങല്‍ എളുപ്പമാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റില്‍നിന്ന് പച്ചക്കൊടി കിട്ടാന്‍ വാട്ട്‌സ്ആപ്പ് ഡിക്രിപ്ഷന്‍ കീ നല്‍കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ കീസ് അവരുടെ കൈവശമില്ല.
ചുരുക്കത്തില്‍ നിലവില്‍ ഇന്ത്യയില്‍ എന്‍ക്രിപ്ഷന്‍ സൗകര്യമുള്ള ഏറ്റവും പുതിയ വേര്‍ഷന്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരെല്ലാം അത് നിയമവിരുദ്ധമായാണ് ചെയ്യുന്നത്. തീവ്രവാദികള്‍ രഹസ്യ സന്ദേശം കൈമാറാന്‍ ഇത്തരം എന്‍ക്രിപ്ഷന്‍ സൗകര്യമുള്ള സര്‍വീസുകള്‍ ഉപയോഗിക്കും എന്നതാണ് അത് രാജ്യത്തു നിരോധിച്ചിട്ടുള്ളതിന്റെ അടിസ്ഥാനം.
കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വാട്ട്‌സ്ആപ്പുമായി ബന്ധപ്പെട്ട തീരുമാനമൊന്നും എടുത്തിട്ടില്ല. ഓവര്‍ ദ ടോപ്പ് ബേസ്ഡ് (ഒടിടി) സര്‍വീസ് ആയതിനാല്‍ വാട്ട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയവ ഇപ്പോള്‍ സാങ്കേതികമായി എന്‍ക്രിപ്ഷന്‍ റിക്വയര്‍മെന്റ് നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇവ ടെലികോം ഓപ്പറേറ്റര്‍മാരല്ലാത്തതിനാലാണിത്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഇവയ്‌ക്കെല്ലാം നിയന്ത്രണമുണ്ട്. ഫ്രാന്‍സില്‍ ടെലികോം സര്‍വീസ് പ്രൊവൈഡറുമായി രജിസ്റ്റര്‍ ചെയ്താണ് സ്‌കൈപ്പിന്റെ പ്രവര്‍ത്തനം. ചൈനയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങളിലും നിയന്ത്രണം ബാധകമാണ്. ഇന്ത്യ ഇതേനിലയില്‍ വാട്ട്‌സ്ആപ്പിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ അതോ ഒടിടി സര്‍വീസുകള്‍ക്ക് ബാധകമാകുന്ന പുതിയ റെഗുലേഷന്‍ കൊണ്ടുവരുമോ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ചോദ്യം.