സജികുമാര്‍ കുന്നുവിള
പാലോട്: വാമനപുരത്ത് തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ഥിയുടെ നിറഞ്ഞ സാന്നിധ്യം ഫലം പ്രവചനാതീതമാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ശരത്ചന്ദ്ര പ്രസാദ് പുല്ലമ്പാറ പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. പ്രാദേശിക വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് അഭ്യര്‍ഥിക്കുന്ന ശരത് തെരഞ്ഞെടുപ്പ് അടുക്കുംതോറും കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള ശ്രമത്തിലാണ്. സോണിയാഗാന്ധിയുടെ പ്രചാരണയോഗം പ്രമാണിച്ച് വാഹന പര്യടനം ഇന്നലെ നേരത്തെ അവസാനിപ്പിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.കെ. മുരളി ഇന്നലെ പനവൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. മണ്ഡലത്തിലെ എല്‍ഡിഎഫ് എംഎല്‍എ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളും യുഡിഎഫ് ഗവണ്മെന്റിന്റെ അഴിമതിയും ബിജെപിയുടെ വര്‍ഗീയതയും വിശദീകരിച്ചാണ് മുരളിയുടെ വോട്ടഭ്യര്‍ഥന. ഇന്നു കല്ലറ പഞ്ചായത്തിലാണ് പര്യടനം.
നാളെ മടത്തറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പ്രസംഗിക്കും. ബിഡിജെഎസ് സ്ഥാനാര്‍ഥി ആര്.വി. നിഖില്‍ ഇന്നലെ നന്ദിയോട് പഞ്ചായത്തില്‍ പര്യടനം നടത്തി. കേളത്തില്‍ മാറിമാറി വരുന്ന എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ വികസന മുരടിപ്പും സ്വജനപക്ഷപാതവും അഴിമതിയും വിശദീകരിച്ച് നിഖില്‍ ശക്തമായ പ്രചാരണത്തിലാണ്. നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങളും വോട്ടാക്കാനുള്ള ശ്രമത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി.