വാഴാനിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടപടി സ്വീകരിക്കുമെന്ന് സിഐ

tcr-impacttവടക്കാഞ്ചേരി: ജില്ലയിലെ പ്രധാനവിനോദ സഞ്ചാരകേന്ദ്രമായ വാഴാനിയില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ ക്കെതിരെ ശക്തമായ രീതിയില്‍ നടപടി സ്വീകരിക്കുമെന്ന് വടക്കാഞ്ചേരി സിഐ എം.കെ. സുരേഷ്കുമാര്‍ ദീപികയോട് പറഞ്ഞു.      രാഷ്ട്രദീപികയില്‍ വാഴാനിയെക്കുറിച്ച് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് സിഐ കൂട്ടിച്ചേര്‍ത്തു. സഞ്ചാരികളെന്ന വ്യാജേന വാഴാനി ഡാമില്‍ എത്തുന്ന യുവതിയുവാക്കളാണ് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കോളജ്, സ്കൂള്‍ കുട്ടികള്‍ വരുന്ന വഴിയില്‍ യൂണിഫോം മാറ്റിയാണ് ഡാമിലെത്തുന്നത്.

രാവിലെ പത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ വൈകീട്ട് നാലോടെയാണ് ഡാമില്‍നിന്നും മടങ്ങാറുള്ളത്. മതിയായ സുരക്ഷാക്രമീകരണങ്ങളുടെ കുറവും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതും വിനോദസഞ്ചാര കേന്ദ്രത്തെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡാമിനുള്ളില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടാകാറുണ്ട്. എന്നാല്‍ ഡാമിലെത്തുന്ന വിനോദസഞ്ചാരികളെ സംരക്ഷിക്കേണ്ട ചുമതല പോലീസിനുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ഡാമില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വടക്കാഞ്ചേരി സിഐ എം.കെ.സുരേഷ്കുമാര്‍ പറഞ്ഞു.

Related posts