വാഹനം ഏതുമായ്‌ക്കോട്ടെ… ഹെല്‍മറ്റ് അത് നിര്‍ബന്ധാ…! സീറ്റ് ബല്‍റ്റില്ലാതെ വാഹനം ഓടിച്ച കാര്‍ ഡ്രൈവര്‍ക്കും കിട്ടി ഹെല്‍മറ്റില്ലാത്തതിന്റെ പെറ്റി

helmetതൊടുപുഴ: കാറും ടിപ്പറുമെല്ലാം ഓടിക്കണമെങ്കില്‍ ഹെല്‍മറ്റ് വയ്‌ക്കേണ്ട ഗതികേടിലാണ് തൊടുപുഴയിലെ ഡ്രൈവര്‍മാര്‍. വാഹനമേതായാലും തലയുടെ സുരക്ഷയാണോ ഏമാന്‍മാര്‍ ഉദേശിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. സംഭവങ്ങള്‍ക്ക് ആധാരം കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന ട്രാഫിക് പോലീസിന്റെ വാഹന പരിശോധനയാണ്. വളവുകളുടെ മറവില്‍ ഒളിച്ചിരുന്നു വാഹനം എത്തുമ്പോള്‍ ചാടി വീഴുന്ന ഏമാന്‍മാര്‍ ഇത്തവണ കാടടച്ചു വെടിവയ്ക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഇരുചക്രവാഹന യാത്രികര്‍ മാത്രമായിരുന്നു ഇവരുടെ ഇര.

ലൈസന്‍സോ ബുക്കും പേപ്പറോ ഇല്ലെങ്കില്‍ പോലും ഹെല്‍മറ്റുണ്ടങ്കില്‍ സധൈര്യം യാത്ര ചെയ്യാം. വാഹന പരിശോധന എന്നാല്‍ ഹെല്‍മറ്റ് പരിശോധന എന്നാണ് വയ്പ്. കഴിഞ്ഞ ദിവസം  സീറ്റ് ബല്‍റ്റില്ലാതെ വാഹനം ഓടിച്ച കാര്‍ ഡ്രൈവര്‍ക്കും കിട്ടി ഹെല്‍മറ്റില്ലാത്തതിന്റെ പെറ്റി. മുട്ടം സ്വദേശിയായ യുവാവ് വീട്ടിലെത്തി രസീത് പരിശോധിച്ചപ്പോഴാണ് സംഗതി കണ്ടെത്തിയത്. അന്നു ആ വഴി കടന്നു പോയ കാറും ടിപ്പറും ജീപ്പും തുടങ്ങി എല്ലാ വാഹനങ്ങള്‍ക്കും കിട്ടിയത് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പെറ്റിയാണെന്നു സംസാരമുണ്ട്.

റോഡിന് ഇരു വശത്തും നിന്ന് കൈകാണിച്ച് വാഹനം നിര്‍ത്തിക്കുന്ന പോലീസുകാര്‍ ഡ്രൈവര്‍മാരെ രസീത് കുറ്റിയുമായി ജീപ്പിലിരിക്കുന്ന എസ്.ഐയുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുകയാണ് പതിവ്. ബൈക്കാണോ, കാറാണോ, ടിപ്പറാണോ എന്നുള്ള പരിശോധനയുമില്ല ചോദ്യവുമില്ല. എല്ലാവര്‍ക്കും 100 രൂപയുടെ ഒരേ ഒരു പെറ്റി. 100 രൂപ മാത്രം പോയതിന്റെ ആശ്വാസത്തില്‍ ആരും ഇതു പുറത്തു പറയുന്നതുമില്ല.

Related posts