വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മലപ്പട്ടം മേപ്പറമ്പില്‍ കുഴി

knr-kuzhyശ്രീകണ്ഠപുരം: റോഡരികിലെ കേബിള്‍ കുഴി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ശ്രീകണ്ഠപുരം-മയ്യില്‍ റോഡില്‍ മലപ്പട്ടം മേപ്പറമ്പിലാണ് രണ്ടു സ്ഥലങ്ങളിലായി കുഴിയെടുത്തിരിക്കുന്നത്. ഒരുമാസം മുമ്പാണ് ഒരു മീറ്ററിലേറെ ആഴത്തില്‍ ഇവിടെ കുഴിയെടുത്തത്. എന്നാല്‍ പണിപൂര്‍ത്തിയാക്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുമൂടാന്‍ അധികൃതര്‍ തയാറായിട്ടില്ല.

കുഴിയെടുത്ത മണ്ണ് ടാറിംഗിനു മുകളിലിട്ടതാണ് യാത്രക്കാര്‍ക്കും ഗതാഗതത്തിനും ഭീഷണിയാകുന്നത്. റോഡിന്റെ പകുതിയോളം ഭാഗം ചരലും മണ്ണും ഉള്‍പ്പെടെ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനോ യാത്രക്കാര്‍ക്കു നടന്നുപോകുന്നതിനോ പോലും കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും കഴിയുന്നില്ല.

മെക്കാഡം ടാറിംഗിന്റെ ഭാഗമായി മലപ്പട്ടം-അഡൂര്‍ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മയ്യില്‍, തളിപ്പറമ്പ്, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള 12 ഓളം ബസുകളുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ഇപ്പോള്‍ ഇതുവഴിയാണ് പോകുന്നത്.   അധികൃതരുടെ അനാസ്ഥക്കെതിരേ വന്‍പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Related posts