വിജിലന്‍സ് കുരുക്ക്! മുന്‍ മന്ത്രി കെ.ബാബുവിന്റെയും അടുപ്പക്കാരുടേയും സ്വത്ത് കണ്ടെത്താന്‍ വിജിലന്‍സ് നടപടി

TC-R-KBABUഎം.സുരേഷ്ബാബു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ   സ്വത്തുക്കള്‍ തേടി വിജിലന്‍സ്. ബാബുവിന്റെയൊ കുടുംബാംഗങ്ങളുടെയൊ പേരില്‍ സംസ്ഥാനത്ത് എവിടെയെങ്കിലും വസ്തുവകകള്‍ വാങ്ങിയതിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍  രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കി.

ബാബുവിന്റെ ഭാര്യ, മക്കള്‍, മരുമക്കള്‍, ബാബുവിന്റെ ബിനാമികളെന്ന് ആരോപിയ്ക്കുന്ന ബാബുറാം, മോഹന്‍   എന്നിവരുടെയും പേരില്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ഭൂമി വാങ്ങിയിട്ടുണ്ടോ എന്നറിയാനാണ് വിജിലന്‍സിന്റെ നീക്കം. രജിസ്‌ട്രേഷന്‍ ഐജിക്ക് വിജിലന്‍സ് കൊടുത്ത കത്തില്‍ ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന സൂചന.   കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിജിലന്‍സ് സംഘം ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയായിരുന്നു.

ബാബുവിന്റെയും കുടുബാംഗങ്ങളുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സുപ്രധാനമായ പല രേഖകളും ബാങ്കിടപാടുകളുടെ വിവരങ്ങളും കണ്ടെടുത്തിരുന്നു. കൂടാതെ വിവിധ ബാങ്കുകളിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന രേഖകളും സ്വര്‍ണാഭരണങ്ങളും വിജിലന്‍സ് കണ്ടെത്തി. 270 പവനോളം സ്വര്‍ണാഭരണങ്ങള്‍ വിജിലന്‍സ് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. ബാബു ബിനാമി പേരുകളില്‍ ഭൂമിയും വസ്തു വകകളും വാങ്ങി കൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അവ കണ്ടു കെട്ടുന്ന വിധത്തിലുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്നാണ് വിജിലന്‍സ് വൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

ബാര്‍ ഹോട്ടല്‍ അസോസിയെഷന്‍ നേതാവ് വി.എം.രാധാകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം ബാബുവിനെതിരെ അന്വേഷണം നടത്തിയത്. തുടര്‍ന്ന് ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ മിന്നല്‍പരിശോധനകള്‍ നടത്തി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ബാബുവിനെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കേസും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ മൗനം പാലിച്ചത് പാര്‍ട്ടിയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

Related posts