പേരൂര്‍ക്കട: വിദ്യാര്‍ഥികളില്‍ വായനാശീലം കുറയുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍തല ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം കുട്ടികളും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിലൂടെ ധാരാളം സമയം കളയുന്നതായും ഇതുവഴി രക്ഷിതാക്കളുമായി സംസാരിക്കുന്ന സമയം ചുരുങ്ങി വരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കളികളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നില്ല. ഇതെല്ലാം കുട്ടികളെ ദുഷ്പ്രവണതകളിലേക്ക് നയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളില്‍ വളരെ നേരം ചെലവഴിച്ച അദ്ദേഹം കുട്ടികളുമായി സംവദിച്ച് അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. എവിടെയെങ്കിലും ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ രഹസ്യമായി വിവരം നള്‍കാന്‍ രണ്ട് വാട്‌സ് ആപ്പ് ഫോണ്‍നമ്പരുകള്‍ നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് ഉബൈദ്, സ്‌പെഷല്‍ സ്ക്വാഡ് സിഐ അനികുമാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മീനാകുമാരി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ജസീല, സ്റ്റാഫ് സെക്രട്ടറി സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.