അതിരമ്പുഴ: വിഷമുക്ത ഭക്ഷണ എന്ന സന്ദേശമുയര്‍ത്തി അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തി ജൈവകപ്പകൃഷി വന്‍ വിജയം. മുഴുവന്‍ കപ്പയും മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞതോടെ വിദ്യാര്‍ഥികള്‍ ആവേശത്തിലും. ഈവര്‍ഷം വീണ്ടും കൃഷി തുടരാനുള്ള തയാറെടുപ്പിലാണ് അവര്‍. അതിരമ്പുഴ പള്ളിവക സ്ഥലത്തായിരുന്നു കൃഷി. രാസവളം പൂര്‍ണമായും ഒഴിവാക്കി ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. കപ്പയോടൊപ്പം പച്ചക്കറിയും കൃഷിചെയ്തു. ഇവയ്ക്ക് കീടനാശിനി ഉപയോഗിച്ചതേയില്ല.
കൃഷിക്കായി സ്ഥലം അനുവദിച്ച് സ്കൂള്‍ മാനേജ്‌മെന്റ് കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കിയപ്പോള്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു പിന്തുണയേകി. പ്ലസ് ടു കോഴ്‌സിലെ വിദ്യാര്‍ഥികളായിരുന്നു കര്‍ഷകര്‍. പ്രിന്‍സിപ്പല്‍ പി.ജെ.ഏബ്രഹാം, അധ്യാപകരായ ജയിംസ് കുര്യന്‍, സഞ്ജിത് പി.ജോസ്, അനില സി.തോമസ്, റോസമ്മ കെ.സി, മഞ്ജുഷ രശ്മിനി കുര്യന്‍ എന്നിവര്‍ കുട്ടികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം നടന്ന വിളവെടുപ്പ് കുട്ടികളില്‍ വീണ്ടും കൃഷി തുടരാന്‍ ആവേശം നല്‍കി. നാട്ടുകാരുടെ പ്രോത്സാഹനവുംകൂടിയായപ്പോള്‍ കുട്ടികള്‍ക്ക് അത് വലിയ ഊര്‍ജമായി. സ്കൂള്‍ മാനേജര്‍ ഫാ.സിറിയക് കോട്ടയില്‍, ഏറ്റുമാനൂര്‍ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പി.വി.മൈക്കിള്‍ എന്നിവര്‍ ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.സോജി ചക്കാലയ്ക്കല്‍, പിടിഎ പ്രസിഡന്റ് രാജു കുടിലില്‍, അധ്യാപകരായ ജയിംസ് കുര്യന്‍, സഞ്ജിത് പി.ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.