മട്ടന്നൂര്‍: വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങുന്നു. മട്ടന്നൂര്‍ കട്ടംകവറിലെ പ്രീനയ്ക്കാണ് പഴശിരാജ എന്‍എസ്എസ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചു നല്‍കുന്നത്. മട്ടന്നൂര്‍ നഗരസഭയിലെ കട്ടംകവറില് താമസിക്കുന്ന നിര്‍ധന കുടുംബമായ പ്രീനയ്ക്ക് വീട് നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ നിന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്നു.
ഈ തുക കൊണ്ട് വീടിന്റെ നിര്‍മാണം ചുമര് വരെയെത്തിയിരുന്നുവെങ്കിലും പണമില്ലാതെ വന്നതോടെ വീട് നിര്‍മാണം പാതിവഴിയില്‍ കിടക്കുകയായിരുന്നു. പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ വര്‍ഷങ്ങളോളം വീടിന്റെ ചുമര് മഴയും വെയിലുമേറ്റു കിടക്കുകയായിരുന്നു. ഇവരുടെ ദുരിതാവസ്ഥ വാര്‍ഡ് കൗണ്‍സിലര്‍ കോളജിലെ നാഷണല്‍ സര്‍വീസ് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കുടുംബത്തെക്കുറിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ കിടക്കുന്ന വീടിന്റെ പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന് രംഗത്ത് ഇറങ്ങുകയായിരുന്നു.
വിദ്യാര്‍ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് പാതിവഴിയില്‍ കിടന്ന വീടിന്റെ നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചത്. അമ്പതോളം വരുന്ന എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തിയത്.
മണലും ജില്ലിയും മിക്സിംഗ് ചെയ്യാനും വീടിന്റ മുകളില്‍ കയറി കോണ്‍ക്രീറ്റ് ചെയ്യാനും പെണ്‍കുട്ടികളും ആണ്‍കുട്ടികളും സജീവമായിരുന്നു. പോഗ്രാം ഓഫീസര്‍മാരായ ഡോ. സുമിത നായര്‍, ഡോ. രാധാമണി, കോ-ഓര്‍ഡിനേറ്റര്‍ എം. ഷമല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീടൊരുക്കുന്നത്. ഈ മാസം അവസാനത്തോടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി പ്രീനയ്ക്ക് കൈമാറുമെന്ന് പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു.