വിയ്യൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പഴത്തോട്ടത്തില്‍ നോനിപ്പഴം കായ്ച്ചു. ഔഷധഗുണങ്ങളുള്ള നോനിപ്പഴത്തിന് ആവശ്യക്കാര്‍ ഏറെയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സഹകരണത്തോടെ എട്ടുമാസം മുമ്പാണ് നോനിച്ചെടി ജയില്‍വളപ്പില്‍ നട്ടത്. പീച്ചി വനഗവേഷണ കേന്ദ്രത്തില്‍നിന്നു വാങ്ങിയ പത്തെണ്ണമാണ് ഇവിടെ നട്ടത്. ഇവയില്‍ അഞ്ചെണ്ണത്തിലാണ് പഴം വിളഞ്ഞത്.
അപൂര്‍വ ഇനത്തില്‍പെട്ട ഈ പഴത്തിനു കിലോയ്ക്ക് 500 രൂപയോളം വിലയുണ്ട്. ഔഷധമായും മുടി കറുപ്പിക്കുന്നതിനുള്ള ഡൈ നിര്‍മിക്കാനുമൊക്കെ ഇതിന്റെ പഴവും ഇലകളും ഉപയോഗിച്ചുവരുന്നുണ്ട്. ശരീരത്തിനു ക്ഷീണം തോന്നുമ്പോള്‍ ഈ പഴം കഴിക്കുന്നത് ഉന്മേഷം പ്രദാനം ചെയ്യുമത്രെ. ജയില്‍വളപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നട്ട നോനിപ്പഴത്തിന്റെ കൃഷി വിജയിച്ചതോടെ കൂടുതല്‍ തൈകള്‍ നട്ടുവളര്‍ത്താനുള്ള നീക്കത്തിലാണ് ജയില്‍ അധികൃതര്‍.
നോനിപ്പഴത്തിന്റെ തോട്ടത്തിലേക്കു പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തോട്ടം പരിപാലിക്കുന്നവര്‍ക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. നോനിക്കു പുറമെ പപ്പായ, മാംഗോസ്റ്റിന്‍, റംബൂട്ടാന്‍, പേരയ്ക്ക, ചാമ്പയ്ക്ക, ഞാവര്‍ പഴങ്ങളും ബാങ്കിന്റെ സഹകരണത്തോടെ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ചക്കറി ഇനങ്ങളും പയര്‍, വാഴ എന്നിവയും ജയില്‍ അധികൃതര്‍ ഈ തോട്ടത്തില്‍ വളര്‍ത്തുന്നുണ്ട്.