വിയ്യൂര്‍: വിയ്യൂര്‍ ജയില്‍ കോമ്പൗണ്ടില്‍ കൃഷി ചെയ്ത ജൈവ പപ്പായയുടെ വിളവെടുപ്പ് നടത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ജയില്‍ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ജൈവ പപ്പായ കൃഷി ആരംഭിച്ചത്. 100 പപ്പായതൈകളാണ് ജയിലില്‍ നട്ടത്. ഏറെ ഔഷധഗുണമുള്ള, പൊതുമാര്‍ക്കറ്റില്‍ നാല്‍പ്പതു രൂപയോളം വിലവരുന്ന പപ്പായ ജയില്‍ വിപണനകേന്ദ്രത്തില്‍ വളരെ വിലകുറച്ചാണ് വില്‍ക്കുന്നത്.
കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് പപ്പായതൈകളുടെ വിത്തുകള്‍ നല്‍കിയത്. രാസവളം ചേര്‍ത്താല്‍ വലിയൊരു മത്തങ്ങയുടെ വലുപ്പം വരുന്ന ഈ പപ്പായകള്‍ പക്ഷേ രാസവളം ഉപയോഗിക്കാത്തതു മൂലം അത്രയും വലുപ്പമില്ല. ചാണകം, ആട്ടിന്‍കാട്ടം, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവവളമാണ് ഉപയോഗിച്ചിരിക്കുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ജയില്‍ ജോയിന്റ് സൂപ്രണ്ട് എം.എസ്.നരേന്ദ്രകുമാര്‍ എച്ച്ഡിഎഫ്‌സി ക്ലസ്റ്റര്‍ ഓഫീസര്‍ പ്രേമ രാധാകൃഷ്ണന് പപ്പായ നല്‍കി നിര്‍വഹിച്ചു. എം.എ.ജയകുമാര്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.