വാണിമേല്‍: മാവോയിസ്റ്റ് സാന്നിധ്യം നിരവധി തവണ സ്ഥിരീകരിക്കപ്പെട്ട വിലങ്ങാട് മലയോരത്ത് വനത്തിനുള്ളില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉടുമ്പിറങ്ങി മലയിലെ ക്വാറിക്ക് 200 മീറ്റര്‍ മുകളില്‍ ഫോറസ്റ്റിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍നിന്ന് 188 ജലാറ്റിന്‍ സ്റ്റിക്കുകളും,164 ഇലക്‌ട്രോണിക് ഡിറ്റനേറ്ററുകളും കണ്ടെത്തിയത്.
സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഹാര്‍ ഡ് ബോര്‍ഡ് പെട്ടിയിലാക്കി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മലമുകളില്‍നിന്ന് താഴേക്ക് വെള്ളമൊഴുകുന്ന തോട്ടിന്‍കരയിലാണ് ഇവ കണ്ടെത്തിയത്്. ഉഗ്രസ്‌ഫോടനങ്ങള്‍ക്കുപയോഗിക്കുന്ന സണ്‍ 90 വിഭാഗത്തില്‍ പെടുന്നവയാണ് കണ്ടെടുത്ത ജലാറ്റിന്‍ സ്റ്റിക്കുകള്‍. ഇന്നലെ രാത്രി ഏഴുമണിയോടെ വളയം പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. വളയം എസ്‌ഐ എം.സി.പ്രമോദും സംഘവും അഞ്ചുമണിക്കൂറുകളോളം തെരച്ചില്‍ നടത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ഉടുമ്പിറങ്ങി മലയില്‍ ക്വാറിക്ക് ഖനനാനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.ഇതിനിടയിലാണ് ക്വാറിക്ക് മുകളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. നേരത്തെ പോലീസ് പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും മുമ്പ് ക്വാറി പരിസരത്തെത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്ന ഉടുമ്പിറങ്ങി മലയിലെ ഖനനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ വിലങ്ങാട് മേഖലയില്‍ സജീവമായിട്ടു|്.
കരിങ്കല്‍ ഖനനം മാവോയിസ്റ്റുകളുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോലീസുകാരായ എന്‍.പി.അനില്‍കുമാര്‍, കെ.ടി.പ്രജീത്ത് കുമാര്‍ തുടങ്ങിയവരും എംഎസ്പി സേനാംഗങ്ങളും റെയ്ഡില്‍ പങ്കെടുത്തു. എക്‌സ്‌പ്ലോസീവ് ആക്ട് സെക്ഷന്‍ 4 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.