ചെങ്ങന്നൂര്‍: പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി(68)യെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി ഷെറിനെ (36) യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയോടെ പൂര്‍ത്തിയായി. ഷെറിന് അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതിനുശേഷമാണ് ഇന്ത്യയിലേക്ക് 2003ല്‍ എത്തിയതെന്ന് ചോദ്യം ചെയ്യലിനുശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചതാണ്. വിസയുടെ കാലാവധി കഴിഞ്ഞാണ് അമേരിക്കന്‍ പൗരത്വമുള്ള ഇയാള്‍ ഇന്ത്യയില്‍ തങ്ങുന്നതെന്നും ഉദ്യോഗസ്ഥര്‍ പോലീസിനോടു പറഞ്ഞു.
അമേരിക്കയില്‍ ഇയാള്‍ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണത്തിനുശേഷം പോലീസിനു കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ഇയാള്‍ ദീര്‍ഘകാലമായി ഇന്ത്യയില്‍ കഴിഞ്ഞതിനു ഇയാള്‍ക്കെതിരേ കേസെടുക്കുമെന്നും കൂടുതല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലുകളും തുടര്‍ന്നു വരികയാണെന്നും പോലീസ് പറഞ്ഞു. മൃതശരീരം മുറിച്ചു മാറ്റുവാനുപയോഗിച്ച കത്തി, ആഭരണങ്ങള്‍ എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. കേരളത്തിലെ തെളിവെടുപ്പിനുശേഷം പ്രതിയെ പ്രതി താമസിച്ചിരുന്ന ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കൊണ്ടുപോയി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.