വിഴിഞ്ഞം:നാട്ടുകാരെ ഭീതിയിലാഴ്ത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ മന്ത് രോഗം പടരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് വിഴിഞ്ഞത്തിന്റെ സമീപ പ്രദേശങ്ങളായ മുക്കോല, പീച്ചോട്ടോണം എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ മന്ത് രോഗം ആശങ്കാജനകമായ രീതിയില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയത്. മഴക്കാലത്തിനുമുമ്പായി പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രക്തസാമ്പിളുകള്‍ ശേഖരിക്കുകയും പ്രതിരോധമരുന്നുകള്‍ നല്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രോഗബാധിത മേഖലകളില്‍ നടന്നു വരികയാണ്.
പീച്ചോട്ടോണത്തും സമീപ പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരിശോധനയില്‍ പലര്‍ക്കും മന്തുരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഇവിടെ ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളാണ് ഏറെയും താമസിക്കുന്നത്. ജില്ലാ കൊതുകു നിയന്ത്രണ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങുന്ന സംഘമാണ് ക്യാമ്പുകളില്‍ താമസിക്കുന്ന തൊഴിലാളികളില്‍ രക്തപരിശോധന നടത്തിയത്.
ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷതുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളിലും മന്തുരോഗ ലക്ഷണം കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവര്‍ യാത്ര ചെയ്ത് കേരളത്തില്‍ എത്തുന്നതോടെ രോഗവും ഇവര്‍ക്കൊപ്പം എത്തുന്നു. തദ്ദേശവാസികള്‍ക്ക് അസുഖം പടരാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ പറയുന്നു. ലേബര്‍ ക്യാമ്പുകളിലെ സൗകര്യക്കുറവും തൊഴിലാളികളുടെ ജീവിതശൈലിയും അസുഖത്തിന്റെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്ക ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. 1800ലേറെ ഇതരസംസ്ഥാന തൊഴിലാളികളാണ് വിഴിഞ്ഞം, മുക്കോല, കിടാരക്കുഴി, ഉച്ചക്കട, നെട്ടത്താന്നി, നെല്ലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലായി താമസിക്കുന്നത്.
ഇതില്‍ മിക്ക ക്യാമ്പുകളിലും ആളുകള്‍ തിങ്ങിക്കൂടിയാണ് കഴിയുന്നത്. ഇത്രയും പേര്‍ക്ക് ഉപയോഗിക്കാനുള്ള ടോയ്‌ലറ്റും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തീരെ കുറവാണ്. ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവും കാണിക്കുന്നില്ലെന്ന് പരാതിയുണ്ട്. പലര്‍ക്കും നേരായ തിരിച്ചറിയല്‍ രേഖകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ല. തൊഴിലാളികളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍, കഞ്ചാവ്, മദ്യം തുടങ്ങിയവയുടെ ഉപയോഗവും കൂടുതലാണെന്ന് അധികൃതര്‍ പറയുന്നു. മന്തിനു പുറമെ ക്ഷയം, മലമ്പനി, ലൈംഗിക രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയും തൊഴിലാളികളില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ജാഗ്രതാ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.