വിവാഹത്തിനുപോലും കാശ് കിട്ടാനില്ല; ആലുവയില്‍ പിടികൂടിയ നോട്ടുകളുടെ ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍

KTM-NEW-2000ആലുവ : കടുത്ത നോട്ടുക്ഷാമത്തിനിടയിലും ആലുവ മാര്‍ക്കറ്റിലെ പുകയില മൊത്ത വ്യാപാരിയുടെ പക്കല്‍നിന്നും പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ അടങ്ങിയ എട്ടുലക്ഷം രൂപ കണ്ടെത്തിയതിലെ ദുരൂഹത മാറ്റാനാകാതെ ആദായനികുതി വകുപ്പ്. വിവാഹാവശ്യത്തിനുമാത്രം ഏറ്റവും ഉയര്‍ന്ന തുകയായ രണ്ടരലക്ഷം രൂപയുടെ ചെക്ക് മാറ്റിയെടുക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പോലും ആലുവയിലെ ബാങ്കുകള്‍ പാലിക്കാത്ത സന്ദര്‍ഭത്തിലാണ് ലക്ഷങ്ങളുടെ പുതിയ നോട്ട് ഒരു വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്നും മാത്രം കണ്ടെത്തിയിരിക്കുന്നത്.

കീഴ്മാട് മാവേക്കല്‍ ജോസഫ് എം. ജോണാണ് തന്റെ മകളുടെ  ഇന്ന് നടക്കുന്ന വിവാഹാവശ്യത്തിനായി ശനിയാഴ്ച എസ്ബിടി കീഴ്മാട് ശാഖയെ സമീപിച്ചത്. ഈ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് ബാങ്ക് മാനേജര്‍ തിരിച്ചയക്കുകയായിരുന്നു. എന്നാല്‍, ആലുവയിലടക്കം രണ്ടായിരത്തിന്റെ നോട്ടുകള്‍ ഏറെ സുലഭമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ മാര്‍ക്കറ്റിലെ പുകയില മൊത്തവ്യാപാരി വെങ്കിടാചലത്തിന്റെ സ്ഥാപനത്തിലും വീട്ടിലും ആദായ നികുതി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി മുപ്പതു ലക്ഷം രൂപ പിടിച്ചെടുത്തത്. ഈ തുകയില്‍ കടയില്‍ നിന്നും പിടിച്ചെടുത്ത എട്ടുലക്ഷം രൂപ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളായിരുന്നു.

ഇത്രയധികം രൂപ എവിടെനിന്ന് സമാഹരിച്ചുവെന്നതു കണ്ടെത്തുന്നതാണ് ആദായ നികുതി വകുപ്പിനെ ഇപ്പോള്‍ കുഴപ്പിക്കുന്നത്. സാധാരണ നിലയില്‍ ആലുവയുടെ മാര്‍ക്കറ്റ് ദിവസം ബുധനും ശനിയുമാണ്. പരിശോധന നടന്നതാകട്ടെ വെള്ളിയാഴ്ച ദിവസവും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോഴാണ് എട്ടുലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിരുന്നു. ചന്തദിവസമായ ശനിയാഴ്ചയായിരുന്നെങ്കില്‍ പുകയില മൊത്ത വ്യാപാരിയെന്ന നിലയില്‍ ഈ തുക കച്ചവടത്തില്‍ നിന്നും ലഭിച്ചതാണെന്ന് കണക്കില്‍പ്പെടുത്താനും കഴിയുമായിരുന്നു.

കറന്റ് അക്കൗണ്ടില്‍ വ്യാപാരികള്‍ക്ക് 50,000 രൂപയും അല്ലാത്ത അക്കൗണ്ടുകളില്‍ 24,500 രൂപയുമാണ് ആഴ്ചയില്‍ മാറിയെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ അസാധുവാക്കി രണ്ടാഴ്ച തികയുന്നതിനിടയില്‍ ഇതുപ്രകാരം സാധാരണ അക്കൗണ്ടില്‍ 49,000 രൂപയും കറന്റ് അക്കൗണ്ടില്‍ ഒരുലക്ഷം രൂപയുമാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഈ സാഹചര്യത്തിലാണ് ആലുവയില്‍ നിന്നും മാത്രം എട്ടുലക്ഷം അടങ്ങുന്ന രണ്ടായിരത്തിന്റെ പുത്തന്‍നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവം ഗൗരവമായതിനെ തുടര്‍ന്ന് ആദായ നികുതി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ തുകകളുള്ള നിക്ഷേപങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts