പത്തനംതിട്ട: മദ്യപാനവും തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങളും പതിവായതോടെയാണ് ഭാര്യ ഭര്‍ത്താവിനോട് വീട് വിട്ട് ഇറങ്ങിക്കൊള്ളാന്‍ ആവശ്യപ്പെട്ടത്. ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയാണ് ഭര്‍ത്താവ് ഇതിനു പ്രതികാരം ചെയ്തത്. പഴകുളം അജ്മല്‍ ഹൗസില്‍ ഹമീദ് റാവുത്തറുടെ മകന്‍ ഷെഫീഖ് (38) ആണ് ഭാര്യ റജീന(38) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുടര്‍ന്ന് മുങ്ങിയ ഷെഫിഖിനെ ഇന്നു പുലര്‍ച്ചെ നാലരയോടെ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് ആദിക്കാട്ടുകുളങ്ങരയിലെ ഒരു മലയുടെ മുകളില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഉറങ്ങിക്കിടന്ന റജീനയുടെ നെഞ്ചിലും കഴുത്തിലും ഷെഫീഖ് തുരുതുരാ വെട്ടുകയായിരുന്നു. കാലിനു സ്വാധീനക്കുറവുള്ള റജീന അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും വാതിലിനു സമീപത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടി വന്നതോടെ ഷെഫീഖ് ഓടി മറഞ്ഞു. പരുക്കേറ്റ റെജീനയെ നാട്ടുകാര്‍ ചേര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും. വഴിക്കു വച്ച് റജീന മരിച്ചു.
വിവരമറിഞ്ഞ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൂന്നു സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ പ്രതി ആദിക്കാട്ടുകുളങ്ങര മുസ്ലിം പള്ളിയില്‍ എത്തിയെന്ന് വിവരം ലഭിച്ചു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങി. സമീപ പ്രദേശങ്ങളെല്ലാം അരിച്ചു പെറുക്കുന്നതിനിടെയാണ് ഒരു മലമുകളിലെ കുറ്റിക്കാട്ടില്‍ നിന്ന് പ്രതിയെ കിട്ടിയത്. പൊലീസ് പിടിയിലാകുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഭാര്യയെ കൊന്നതില്‍ യാതൊരു ദുഖവും പ്രകടിപ്പിക്കാഞ്ഞ ഇയാള്‍ ഭാര്യ മരിച്ചെന്നറിഞ്ഞതോടെ സന്തോഷിക്കുകയും ചെയ്തു.
മദ്യപിച്ചെത്തി ഭാര്യയെയും രണ്ടു മക്കളെയും തല്ലുന്നത് പതിവായിരുന്നു. ഒടുവില്‍ സഹികെട്ടതോടെ പത്താം ക്ലാസില്‍ പഠിക്കുന്ന മൂത്തമകന്‍ പിതാവിനെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മകനെ തടഞ്ഞില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി വീട്ടില്‍ നിരന്തരം വഴക്കും അടിപിടിയും നടത്തി വരികയായിരുന്നു ഇയാള്‍. സഹികെട്ടതോടെ ഇന്നലെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ റജീന പറഞ്ഞത്. ഇതാണ് കൊലയ്ക്ക് പ്രകോപനമായത്. നേരത്തെ മീന്‍കച്ചവടം ചെയ്തിരുന്ന ഇയാള്‍ക്ക് ഇപ്പോള്‍ തെങ്ങുകയറ്റമാണ് ജോലി. പോലീസ് ഇയാളെ ചോദ്യം ചെയ്തു.