തമിഴിലെ യുവനായകന്‍ വിശാലിനോടൊപ്പം തുപ്പാരിവാലനില്‍ നായികയായി അഭിനയിക്കാനാവുന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് ഉലകനായകന്‍ കമലഹാസന്റെ മകളും ബോളിവുഡ്, തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതിഹാസന്റെ സഹോദരിയുമായ അക്ഷരഹാസന്‍. വിശാലിനോടൊപ്പം അഭിനയിക്കുന്ന ചിത്രം അക്ഷരയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. തല അജിത്ത് നായകനായ എകെ 57 എന്ന ചിത്രമാണ് അക്ഷര അഭിനയിച്ച ആദ്യ തമിഴ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു.
വിനയ്, പ്രസന്ന, രാകുല്‍ പ്രീത് സിംഗ്, കെ. ഭാഗ്യരാജ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മിസ്കിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017 മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം. വിശാല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വിശാലിന്റേത് ഡിറ്റക്ടീവിന്റെ വേഷമാണ്. അക്ഷരയുടെ സഹോദരിയും തെന്നിന്ത്യന്‍ താരസുന്ദരിയുമായ ശ്രുതിഹാസന്‍ പൂജൈ എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്.