വിശ്വജ്യോതിയിലെ വിദ്യാര്‍ഥികള്‍ ഇഞ്ചത്തൊട്ടി തൂക്കുപാലം യാത്രായോഗ്യമായി

EKM-PALAMവാഴക്കുളം: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ കര്‍മനിരതരായതോടെ ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം യാത്രായോഗ്യമായി. കോളജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് സാമൂഹ്യസേവന രംഗത്ത് നാടിനു മാതൃകയായി മാറിയത്. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയിലെ ഒറ്റപ്പെട്ട പ്രദേശമായ ഇഞ്ചത്തൊട്ടി നിവാസികളുടെ പ്രധാന ഗതാഗത മാര്‍ഗമാണ് തൂക്കുപാലം.

പൊതുമേഖലാ സ്ഥാപനമായി കെല്ലിന്റെ നേതൃത്വത്തിലാണ് നാലുവര്‍ഷം മുമ്പ് പെരിയാറിനു കുറുകെ ഇഞ്ചത്തൊട്ടിയേയും കീരമ്പാറ പഞ്ചായത്തിലെ ചീക്കോടിനേയും ബന്ധിപ്പിച്ച് 182 മീര്‍ നീളമുള്ള തൂക്കുപാലം നിര്‍മിച്ചത്. സംസ്ഥാനത്തെ ഏവും നീളം കൂടിയ തൂക്കുപാലം ഡിസൈനിലും നിര്‍മാണത്തിലും പോരായ്മകള്‍ ഉള്ളതായി നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. നാലു വര്‍ഷം പിന്നിട്ടതോടെ പാലത്തിന്റെ പല ഭാഗത്തും തകരാറുകള്‍ പ്രത്യക്ഷപ്പെടുകയും പാലം അപകട ഭീഷണിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോളജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് പാലം സന്ദര്‍ശിക്കുകയും പാലത്തിന്റെ ശോച്യാവസ്ഥ നേരില്‍ ബോധ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നു പാലത്തിന്റെ അകുറ്റപണികള്‍ നടത്തുന്നതിനുള്ള അനുമതിയ്ക്കായി പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതോടെ വെല്‍ഡിംഗ് സെറ്റ്, ജനറേറ്റര്‍, പെയിന്റിംഗ് സാമഗ്രികള്‍ എന്നിവയടങ്ങുന്ന സാമഗ്രികളുമായി വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി ഒരുദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്ത് അറ്റകുറ്റപണി നടത്തിയത്. മെക്കാനിക്കല്‍ വിഭാഗം മേധാവി കെ.വിനോജ്,അസിസ്റ്റന്റ് പ്രഫ.ലവിന്‍ വര്‍ഗീസ്,ഉല്ലാസ് മാത്യു,നിക്‌സണ്‍ ജോര്‍ജ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കി. പഞ്ചായത്തംഗം മാത്യു, ജെനീഷ് കല്ലറയ്ക്കല്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പാലത്തിന്റെ അറ്റകുറ്റപണി പൂര്‍ത്തീകരിക്കാനെത്തിയ വിദ്യാര്‍ഥികളെ നാട്ടുകാര്‍ ആവേശത്തോടെയാണ് വരവേറ്റത്.

Related posts