‘അറബിക്കടലിന്റെ റാണി’യെ അറബിക്കടല്‍ വിഴുങ്ങുമോ ? 2050 എത്തുമ്പോള്‍ കൊച്ചിയും ലക്ഷദ്വീപുമെല്ലാം മരിക്കും; ആഗോളതാപനം ലോകത്തിന്റെ തന്നെ ഗതി മാറ്റാന്‍ പോകുന്നത് ഇങ്ങനെ…

രാജ്യത്തിന്റെ തീരമേഖലകളില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ ആഗോളതാപനത്തിന്റെ ഫലമോ ? എന്ന ചോദ്യമാണുയരുന്നത്. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ഗവേഷകന്‍ ഡോ.സുധീര്‍ ജോസഫ് നല്‍കുന്നത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 10 വര്‍ഷത്തിനിടെ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രഹരശേഷി ആറിരട്ടിയിലേറെ വര്‍ധിച്ചതിന് പിന്നിലെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ 2050ഓടെ കൊച്ചിയെ അറബിക്കടല്‍ വിഴുങ്ങുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

എന്നാല്‍ കൊച്ചി മുങ്ങുന്നതിനു മുമ്പു തന്നെ ലക്ഷദ്വീപ് മുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ചൂടു കൂടുന്നതിന്റെ ഫലമായി കാറ്റിന്റെ ശേഷി വര്‍ധിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. അറ്റ്ലാന്റിക് മേഖലയിലും മറ്റും ഉണ്ടാകുന്ന തരം അതിശക്തമായ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഭാവിയില്‍ ഉണ്ടാകാനും സാധ്യത കൂടിയെന്ന് സുധീര്‍ ജോസഫ് വിലയിരുത്തുന്നു. ആഗോള സമുദ്രനിരപ്പ് ഇപ്പോള്‍ ഓരോ വര്‍ഷവും 3.6 മില്ലീമീറ്റര്‍ വീതം ഉയരുകയാണ്.

കാലാവസ്ഥാമാറ്റം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്റര്‍ഗവേണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.കടല്‍ കയറുമെന്ന് ഉറപ്പായ ലോകത്തിലെ തീര നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചിയുള്ളത്. ആഗോളതാപനം ഈ നിലയില്‍ തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിനിപ്പുറം തന്നെ അതു സംഭവിച്ചേക്കുമെന്നാണു ഐപിസിസിയുടെ വിലയിരുത്തല്‍.

സമുദ്രത്തിലെ അമ്ലത വര്‍ധിച്ച് മീനുകള്‍ കുറയാനും സാധ്യതയുണ്ട്. ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം ശുദ്ധജല സ്രോതസ്സുകളെ ബാധിക്കും. കനത്ത മഴയും പ്രളയവും കേരളത്തെയും കഴിഞ്ഞ 2 വര്‍ഷമായി ബാധിക്കുന്നു. കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനവും സജ്ജമല്ലെന്നാണ് ഐപിസിസി വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഏഴാമത്തെ കടല്‍ത്തീരമാണ് ഇന്ത്യയ്ക്കുള്ളത് 7500 കിമീ. 9 സംസ്ഥാനങ്ങള്‍ കടലോരത്താണ്. 17.7 കോടി ജനങ്ങള്‍ തീരത്ത് താമസിക്കുന്നു. ഇവരെല്ലാം വലിയ വെല്ലുവിളിയെയാകും നേരിടേണ്ടി വരിക. പുണെ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് റിസര്‍ചിലെ ഡോ. റോക്സി മാത്യു കോളും മുന്നറിയിപ്പാണ് പങ്കുവയ്ക്കുന്നത്.

അറബിക്കടലില്‍ അടുത്തിടെ തുടര്‍ച്ചായി രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ബാക്കിപത്രമാണെന്ന സൂചനയാണ് ലഭിക്കുന്നത്. അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ ഒരു ദശാബ്ദത്തിനിടെ പത്തിരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരാഴ്ചയ്ക്കിടെ ‘ക്യാര്‍’ എന്ന പേരിലും ‘മഹാ’ എന്നപേരിലും രണ്ടെണ്ണം എത്തി. ധ്രുവങ്ങളിലെവിടെയോ മഞ്ഞുരുകുന്നതു മാത്രമല്ല. പ്രെട്രോള്‍, ഡീസല്‍ (ഹരിതഗൃഹ വാതകങ്ങള്‍) തുടങ്ങിയ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചുകഴിഞ്ഞു. ഇതുമൂലമുള്ള ഉയര്‍ന്ന താപനില മൂലം ധ്രുവങ്ങളിലെയും ഹിമാലയത്തിലേയും മഞ്ഞുരുകുകയും സമുദ്രജല നിരപ്പ് ഉയരുകയും ചെയ്യുന്നത് മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെയാണ് ബാധിക്കുന്നത്.

Related posts