തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍. വി.എം. സുധീരന്റെ കോണ്‍ഗ്രസില്‍ രണ്ടു നീതിയോ എന്ന തലക്കെട്ടോടെയാണു പോസ്റ്ററുകള്‍.
റുക്‌സാന- ബിന്ധ്യാസ് എന്നിവര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസിലെ പ്രതികള്‍ക്ക് എംഎല്‍എ ഹോസ്റ്റലില്‍ ഒളിത്താവളം ഒരുക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദിനു വാമനപുരം സീറ്റ് നല്‍കിയപ്പോള്‍, മറ്റു പരാമര്‍ശങ്ങള്‍ നേരിടുന്ന കെ. ബാബുവിനേയും ബെന്നി ബെഹനാനെയും ആരോപണ വിധേയര്‍ എന്ന പേരു പറഞ്ഞു സുധീരന്‍ തെരഞ്ഞുപിടിച്ചു സീറ്റ് നഷ്ടമാക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ക്കെതിരേ വ്യക്തിപരമായ പക തീര്‍ക്കല്‍ നടത്തുകയാണെന്നും പോസ്റ്ററില്‍ പറയുന്നു.
കെപിസിസി ഓഫീസിനു സമീപവും പാളയം, തമ്പാനൂര്‍, കിഴക്കേക്കോട്ട പ്രദേശങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ആരാണ് പോസ്റ്ററിനു പിന്നിലെന്നു വ്യക്തമാക്കിയിട്ടില്ല