കൊല്ലം: റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സംസ്ഥാനത്ത് നിര്‍ണ്ണായക പങ്ക് വഹിച്ച മികവുറ്റ സംഘാടകരിലൊരാളായിരുന്നു വി.പി. രാമകൃഷ്ണപിളളയെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും സ്നേഹാദരവോടെ അഭിസംബോധന ചെയ്തിരുന്ന വി.പി. ചേട്ടന് കൊല്ലം ജില്ലയുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെക്കാലം ആര്.എസ്.പി. യുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി എന്‍. ശ്രീകണ്ഠന്‍നായര്‍, ടി.കെ. ദിവാകരന്, ബേബിജോണ്‍, ആര്.എസ്. ഉണ്ണി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായി ജില്ലയുടെ രാഷ്ട്രീയ ഭൂമികയില്‍ അചഞ്ചലമായ നേതൃസ്ഥാനം അദ്ദേഹം ഉറപ്പിച്ചു.
മെച്ചപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം അതെല്ലാം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേയ്ക്ക് കടന്ന് വന്നത് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെയാണ്. എം.ജി. കോളേജിലെ ഉന്നത വിദ്യാഭ്യാസ കാലയളവില്‍ ആര്‍എസ്.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ പ്രോഗ്രസീവ് സ്റ്റുഡന്‍സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി.
തലസ്ഥാനം കേന്ദ്രീകരിച്ച് നടത്തിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലയളവില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വംനല്കി. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലയളവില്‍ തന്നെ തന്റെ പ്രദേശത്ത് നടന്ന തൃക്കടവൂര്‍ – പെരിനാട് കയര്‍ തൊഴിലാളി സമരത്തിനും ശക്തമായ നേതൃത്വം നല്കി. ആ കാലയളവില്‍ എന്‍. ശ്രീകണ്ഠന് നായരുടെയും ടി.കെ. ദിവാകരന്റെയും നേതൃത്വത്തില്‍ നടന്ന സാഹസികമായ സമരങ്ങളും ഉത്തരവാദ പ്രക്ഷോഭവുമാണ് അദ്ദേഹത്തെ വിപ്ളവരാഷ്ട്രീയത്തിലേയ്ക്ക് നയിച്ചതെന്നും എന്‍.കെ. പ്രേമചന്ദ്രന് അനുസ്മരിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും ഏറ്റവും കൂടുതല്‍ സ്നേഹവും സൗഹൃദവും പുലര്‍ത്തിയിരുന്ന നേതാവായിരുന്നു വി.പി ചേട്ടന്. പാര്‍ട്ടിയെ ജീവിതത്തിന്റെ അഭിവാജ്യഘടകമായി ഉള്‍ക്കൊള്ളുകയും സ്നേഹിക്കുകയും ചെയ്ത കരുത്തനായ നേതാവ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉലയാത്ത മനസ്സുമായി പ്രസ്ഥാനത്തെ നയിച്ച സംഘാടകനാണ്- എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു.