വീടിനുനേരെ കല്ലേറ്: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

KKD-JANALനാദാപുരം: ചെക്യാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുളമ്പിലായി കുനിയില്‍ ഹസന്റെ വീടിന് കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടിനുനേരെ അജ്ഞാതര്‍  കല്ലെറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു. പാറക്കടവില്‍ സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തിനുപിന്നാലെയാണ് അക്രമം. ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് വളയത്ത് പ്രകോപനപരമായി പ്രകടനം നടത്തിയ ഹിന്ദു ഐക്യവേദിയുടെ മുപ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു. വര്‍ഗീയവികാരം ഉണ്ടാക്കുന്ന വിധത്തിലുളള മുദ്രാവാക്യവുമായാണ്  പ്രകടനം നടത്തിയത്.സാമുദായിക സൗഹൃദം തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് പോലീസ് കേസെടുത്തത്.സംഘപരിവാര്‍ ശക്തികളുടെ പ്രകോപനപരമായ നീക്കത്തിനെതിരെ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് മുസ്‌ലിം ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാറക്കടവിലുണ്ടായ പ്രശ്‌നം ഊതിവീര്‍പ്പിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

ഇതിനെതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി.ടി.കെ ഖാദര്‍ഹാജി അധ്യക്ഷത വഹിച്ചു. ടി.എം.വി അബ്ദുള്‍ ഹമീദ്, ഈച്ചറോത്ത് അമ്മത് ഹാജി, ബഷീര്‍ വളയം, സി.വി. കുഞ്ഞബ്ദുള്ള, അഷ്‌റഫ് കൂരിക്കണ്ടി എന്നിവര്‍ സംസാരിച്ചു.

Related posts