എടത്തിരുത്തി : വീട്ടമ്മമാരുടെ ആത്മാര്‍ഥതയും കഠിനാധ്വാനവും ഫലം കണ്ടു,ജൈവ പച്ചക്കറി കൃഷിയ്ക്ക് നൂറില്‍ നൂറു വിളവ്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ ഒരു കൂട്ടം വീട്ടമ്മമാരാണ് കൃഷിയോടുള്ള താല്പ്പര്യം മൂലം വിവിധയിന പച്ചക്കറികള്‍ കൃഷി ചെയ്തത്. രാസ വളങ്ങളോ രാസ കീടനാശിനികളോ ഉപയോഗിക്കാതെ മണ്ണിന്റെ മനമറിഞ്ഞുള്ള ജൈവ രീതിയിലാണ് ഇവര്‍ പൂര്‍ണ്ണമായും കൃഷി ചെയ്തത്. തലാപുരം സംഘ കൃഷി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജൈവ കൃഷിയുടെ എല്ലാ വിധ ജോലികളും ചെയ്തത് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെയായിരുന്നു.
കൃഷി വകുപ്പ് അധികൃതരുടെയും കുടുംബശ്രീ സംഘകൃഷി വിഭാഗം അധികൃതരുടെയും പൂര്‍ണമായ പിന്തുണ തങ്ങളുടെ കൃഷിയുടെ വിജയത്തിന് സുപ്രധാന പങ്കു വഹിച്ചതായി ഓരോ അംഗങ്ങളും പറയുന്നു. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബൈന പ്രദീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഐശാബി മുഹമ്മദ് അധ്യക്ഷയായിരുന്നു. വാര്‍ഡ് അംഗം ഗീത മോഹന്‍ദാസ്, സംഘ കൃഷി കോര്‍ഡിനേറ്റര്‍ നിമ്മി, എം.കെ.ഫല്‍ഗുണന്‍, ടി.എന്‍.അജയകുമാര്‍, നിജു ലെനീഷ് എന്നിവര്‍ സംസാരിച്ചു. പയര്‍, പാവല്‍, വെണ്ട, ചീര, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്.