വിഴിഞ്ഞം: സ്ത്രീകളെ ആക്രമിച്ച യുവാവ് പിടിയില്‍. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്റ്റേഷന്‍ വളഞ്ഞു. സംഭവത്തില്‍ വിഴിഞ്ഞം അടിമലത്തുറ സ്വദേശി റോയി ആന്റണി(19)നെയാണ് വിഴിഞ്ഞം എസ്‌ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഞായാറാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ ആയ പ്രതി പഴയ പാലത്തിനു സമീപം നടന്നു പോകുകയായിരുന്ന വീട്ടമ്മയെ ചവിട്ടി തള്ളിയിടുകയും തുടര്‍ന്ന് ഇവരെ ആക്രമിച്ച് ബാഗ് തട്ടിപറിക്കാനും ശ്രമിച്ചു. എന്നാല്‍ വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വരുന്നത് കണ്ട പ്രതി ഓട്ടോയില്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് തെന്നൂര്‍കോണത്ത് എത്തിയ പ്രതി റോഡിലൂടെ പോകുകയായിരുന്ന വീട്ടമ്മയെയും പത്താം ക്ലസില്‍ പഠിക്കുന്ന മകളെയും സമാന രീതിയില്‍ അക്രമിച്ചതായി പറയുന്നു. ഇവിടെയും നാട്ടുകാര്‍ വരുന്നത് കണ്ട് പ്രതി രക്ഷപ്പെട്ടു. എന്നാല്‍ അക്രമത്തിന് ഇരയായ വീട്ടമ്മ പ്രതി രക്ഷപ്പെട്ട ഓട്ടോ റിക്ഷയുടെ നമ്പര്‍ മനസിലാക്കി വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് വിഴിഞ്ഞം എസ്‌ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് അടിമലത്തുറയില്‍ വെച്ച് റോയിയെ പിടികൂടുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് രാത്രിയോടെ കോട്ടപ്പുറത്തെ നാട്ടുകാര്‍ വിഴിഞ്ഞം സ്റ്റേഷന്‍ വളഞ്ഞു. അക്രമത്തിനു ഇരയായവര്‍ കോട്ടപ്പുറം സ്വദേശികളാണ്. നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്യും എന്ന അവസ്ഥ വരെ ഉണ്ടായതായി പറയുന്നു.വിഴിഞ്ഞം പോലീസ് മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി ഒമ്പതരയോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം.