ജീവതത്തിന്റെ നല്ല നാളുകളില്‍ അപകടം മൂലം അരയ്ക്ക് താഴേക്ക് തളര്‍ന്ന് ശേഷിക്കുന്ന ജീവിതം വീല്ചെയറിലായവരാണ് പാരപ്ലേജിയ രോഗികള്‍. ചക്ര കസേരയില്‍ വീടിനുള്ളിലെ ചെറിയ സ്ഥല പരിധിയില്‍ സഞ്ചാരം വിധിക്കപ്പെട്ടവര്‍. സ്റ്റാര്‍ നൈറ്റും ഷോകളും ഇവര്‍ക്ക് വെറും ചാനല്‍ പരിപാടികള്‍ മാത്രമാണ്. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഓണാഘോഷ പരിപാടിയായ ജാലകം ഇവര്‍ക്ക് നല്‍കിയത് ടിവിയില്‍ മാത്രം തങ്ങള്‍ കാണാറുള്ള താരങ്ങള്‍ക്കൊപ്പം ആടിയും പാടിയും ഓണ സദ്യയുണ്ടും ആഘോഷിക്കാനുള്ള അവസരമാണ്.
സുഷുംമ്ന നാഡിക്കേല്‍ക്കുന്ന ക്ഷതമാണ് പാരപ്ലേജിയ രോഗാവസ്ഥയുടെ പ്രധാന കാരണം. ഇവരുടെ ശേഷിക്കുന്ന ജീവിതം മറ്റൊരാളുടെ കരുണയിലും കരുതലിലും മാത്രമാകുന്നു. ജീവതത്തിന്റെ ഏറ്റവും നല്ല നാളുകളിലാണ് ഇവരെ അപകടം തളര്‍ത്തിക്കളഞ്ഞത്. പിന്നീട്, മറ്റുള്ളവരേപ്പോലെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. കൂട്ടായ്മകളില്‍ നിന്നും അകന്നു നിന്ന ഇവരെ ഒന്നിച്ചു കൂട്ടുവാന്‍ പാരപ്ലേജിയ രോഗികള്‍ക്കായി ഒരു സംഘടന ഉണ്ടായി പാരപ്ലേജിയ പേഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്. ഇവര്‍ ഇടക്കിടെ ഒന്നിച്ചു കൂടി, സ്നേഹവും സന്തോഷവും പങ്കുവച്ചു. ഇവരെ പരിചരിക്കാനും സഹായിക്കാനും ആളുകള്‍ എത്തി. പലരും തങ്ങളുടെ ജീവിത പങ്കാളിയെ അവരില്‍ നിന്നും കണ്ടെത്തി. വീല്‍ ചെയറില്‍ ഒതുങ്ങിയ സ്വപ്നങ്ങള്‍ ചിറകു മളച്ചു പറക്കാന്‍ തുടങ്ങി.
താരരാവുകളും താരാഘോഷങ്ങളും ഇവര്‍ക്ക് ടെലിവഷന്‍ രസക്കാഴ്ചകള് മാത്രമായിരുന്നു. ഇവയൊക്കെ നേരില്‍ കാണുവാനോ ആസ്വദിക്കുവാനോ ഉള്ള സാഹചര്യം ഇല്ലായിരുന്നു. പക്ഷെ, നിനച്ചിരിക്കാതെ അത്തരമൊരു അവസരവും അവര്‍ക്ക് വന്നു ചേര്‍ന്നു. കൊച്ചിന് ഷിപ്പ്യാര്ഡിന്റെയും എറണാകുളം ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെയും സഹകരണത്തോടെ ടെലിവിഷന്‍ താരങ്ങളലുടെ സംഘടനയായ ആത്മ ഒരുക്കയ ജാലകം എന്ന പരിപാടിയിലൂടെ. ജാലകം പാരപ്ലേജിയ രോഗികള്‍ക്കായി താരങ്ങള്‍ ഒരുക്കിയ ഓണാഘോഷം ആയിരുന്നു. എറണാകുളം ജില്ലയിലെ 110ഓളം പാരപ്ലേജിയ രോഗികള്‍ പങ്കെടുത്ത പരിപാടി.
പാരപ്ലേജിയ രോഗികളിലെ കലാകാരന്മാരുടെ ഗാനമേളയും പരിപാടിയില്‍ ഉണ്ടായിരുന്നു. അവരുടെ ഗാനങ്ങള്‍ക്കൊപ്പം താരങ്ങള്‍ ചുവടുവച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷവും കളി ചിരികളും നിറഞ്ഞു നിന്ന നിമിഷങ്ങള്‍. സിനിമ താരങ്ങളായ ദിലീപും മനോജ് കെ. ജയനും കെപിഎസി ലളിതയും ഇവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് സഫലമായതെന്ന് രോഗാവസ്ഥയിലുള്ളവര്‍ പറഞ്ഞു. ഇഷ്ടതാരങ്ങള്‍ തങ്ങള്‍ക്കൊപ്പം വന്നിരിക്കുന്നു, തമാശകള്‍ പറയുന്നു, സെല്‍ഫി എടുക്കുന്നു. ഈ നിമിഷങ്ങളെ സ്വപ്ന സമാനമെന്ന് വിശേഷിപ്പിക്കാനാണിവര്ക്ക് ഇഷ്ടം.
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നാണ് താരങ്ങള്‍ ഓണാഘോഷത്തിന് എത്തിയത്. ചിലര്‍ ഷൂട്ട് നിര്‍ത്തിവച്ചു. ചിലര്‍ രാത്രി വൈകിയും ഷൂട്ട് ചെയ്ത് അവധി കണ്ടെത്തിയാണ് ഇവര്‍ക്കൊപ്പം സമയം ചെലവിടാന്‍ എത്തിയത്. ഇവിടെ എത്തിയപ്പോള്‍ കിട്ടിയ സന്തോഷത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് താരങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു. എല്ലായ്പ്പോഴും ഇവരെ ഓരോരുത്തരേയും ചെന്ന് കണ്ട് ഇവരോടൊപ്പം സമയം ചെലവിടാന്‍ ജോലി തിരക്കുകള്‍ മൂലം കഴിയാറില്ല. എന്നാല്‍, ഇത്തരം അവസരങ്ങള്‍ താന്‍ ഒരിക്കലും പാഴാക്കാറില്ല. ഇവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോള്‍ കിട്ടുന്ന നിമിഷങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്ന് നടന് കിഷോര്‍ സത്യ പറഞ്ഞു. രാത്രി ഏറെ വൈകി ഷൂട്ടിംഗ് തീര്‍ത്ത് ജാലകത്തില്‍ പങ്കെടുക്കാന്‍ എത്തിയ സാജന് സൂര്യക്ക് ഒന്നേ പറയാന്‍ ഉണ്ടായിരുന്നൊള്ളു ഇതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തങ്ങളിലൊന്ന്.
ആട്ടവും പാട്ടുമായി താരങ്ങള്‍ നിറഞ്ഞു നിന്നപ്പോള്‍ പാരപ്ലേജിയ രോഗകള്‍ തങ്ങളുടെ അവശതകള്‍ മറന്നു. നിറഞ്ഞ പുഞ്ചിരിയില്ലാത്ത ഒരു മുഖം പോലും അവിടെ കാണാന്‍ ഇല്ലായിരുന്നു. പെയിന്‍ ആന്‍ഡി പാലിയേറ്റീവിലെ നൂറോളം പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. വിഭവ സമൃദമായ ഓണ സദ്യയും ഇവര്‍ക്കായി ഒരുക്കിയിരുന്നു. തണല്‍ പാരപ്ലജിയ കെയറാണ് ഇവരെ എല്ലാവരെയും കോര്‍ത്തിണക്കിയത്. ഇവര്‍ക്കുള്ള ഓണക്കിറ്റുകളും പരിപാടിയില്‍ വിതരണം ചെയ്തു.